യുവാക്കള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത് കെവി തോമസിനല്ലെന്ന് എംഎം ലോറന്‍സ്; ‘ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയോ എന്ന് കെവി തോമസ് ആലോചിക്കണം’
കൊച്ചി: യുവാക്കള്‍ക്ക് പ്രാധാന്യം നല്കുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെവി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടതെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ്. തോമസിന്റെ കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെവി തോമസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ലോറന്‍സിന്റെ പ്രതികരണം.
കെവി തോമസിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എംഎം ലോറന്‍സിന്റെ പ്രതികരണം.
കെവി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെവി തോമസാണെന്നും എംഎം ലോറന്‍സ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെവി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറന്‍സ് പറഞ്ഞു.
യുഡിഎഫ് പാളയം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുള്ള നീക്കത്തില്‍ കൂടിയാണ് കെവി തോമസ്. ജനുവരി 23ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറയാനാണ് മുന്‍ എംപി കൂടിയായ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി എഐസിസി നേതൃത്വം ചേര്‍ന്ന യോഗത്തിലും അവഗണന നേരിട്ടതോടെയാണ് കെവി തോമസ് തുറന്നുപറച്ചിലുകളിലേക്ക് കടക്കുന്നതെന്നാണ് വിവരം.
ആദ്യം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം ഘട്ടംഘട്ടമായി മുന്നണി വിടാനാണ് കെവി തോമസിന്റെ നീക്കം. വാഗ്ദാനം ചെയ്തിരുന്ന പാര്‍ട്ടി പദവിയും നല്‍കാതായതോടെയാണ് കെവി തോമസ് പടിയിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടേക്കുമെന്ന മുന്നറിയിപ്പ് പലകുറി നല്‍കിയിട്ടും നേതാക്കളാരും അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. കൂടാതെ, കെവി തോമസ് പോവുന്നെങ്കില്‍ പോവട്ടെ എന്ന നിലപാടാണ് പല നേതാക്കളുമെന്നാണ് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. കെപിസിസി പുനസംഘടനയിലും കെവി തോമസിന് ഇടം നല്‍കിയിട്ടില്ല.
ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ കെവി തോമസ് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും, അത്തരം ചര്‍ച്ചകള്‍ സജീവമാണ്. എല്‍ഡിഎഫ് സ്വതന്ത്രനായി കെവി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടതിന് പ്രതീക്ഷയില്ലാത്ത എറണാകുളം മണ്ഡലത്തില്‍ കെവി തോമസെത്തിയാല്‍ വോട്ട് വിഭജനമുണ്ടായേക്കുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. കെവി തോമസിനെപ്പോലെ മുതിര്‍ന്ന നേതാവ് എത്തുന്നത് ഇടതിന് എന്തുകൊണ്ടും മെച്ചമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാമെന്നായിരുന്നു കെവി തോമസിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് നല്കിയതാവട്ടെ ഹൈബി ഈഡനും. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാവര്ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം സ്ഥാനമില്ലാതെ തുടരുകയായിരുന്നു. എഐസിസിയില്‍ സ്ഥാനം, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട്, യുഡിഎഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ഉടക്കിയ കെവി തോമസിനെ അനുനയിപ്പിക്കാന്‍ എത്തിയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. വര്‍ക്കിങ് പ്രസിഡണ്ടായിരുന്ന എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്ന് സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ കെവി തോമസിന്റെ പേര് ഉയര്‍ന്നിരുന്നു.
എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ അതിനെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം നല്കാന് ഇരുഗ്രൂപ്പുകളും തയ്യാറായിരുന്നു. ഈ വാഗ്ദാനത്തെ കെവി തോമസ് നിരസിക്കുകയായിരുന്നു. അരൂരില്‍ ഉപതെരഞ്ഞെടുപ്പ് ചുമതല കെവി തോമസിനായിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചിട്ടും കെവി തോമസിന് പദവികളൊന്നും നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് പുനസംഘടന നടന്നപ്പോഴും കെവി തോമസിന്റെ പേര് സംസ്ഥാന നേതൃത്വം ഉള്‍പ്പെടുത്തിയിരുന്നില്ല.