‘ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്’; കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജേക്കബ് തോമസ്
എന്‍ഡിഎ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമുണ്ടെന്നും മുന്‍ ഡിജിപി ജേക്കബ് തോമസ്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളാണ് സംസ്ഥാനത്ത് ഇതുവരെ ഭരണം നടത്തിയതെന്നും സംസ്ഥാനത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
‘എല്‍ഡിഎഫും യുഡിഎഫും ആയാലും അവര്‍ രൂപപ്പെടുത്തിയ നയങ്ങള്‍ കേരളത്തിന് ഗുണപരമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതില്‍ ഒരു മാറ്റമുണ്ടാവണം. അതിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനം എന്‍ഡിഎ ആണ്. അതിനാല്‍ എന്‍ഡിഎ തന്നെ കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ മാത്രമേ സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാവൂ,’ ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഒപ്പം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ താന്‍ വിജയിക്കുമെന്നും തന്റെ നിലപാടുകളെ എന്‍ഡിഎ സ്വീകരിക്കുമെന്നും ഉറപ്പുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ‘ എന്റെ നിലപാടുകളെ എന്‍ഡിഎ സ്വീകരിക്കുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. കേരളത്തിലെ പലകാര്യങ്ങളിലും അവര്‍ എടുക്കുന്ന നിലപാടുകള്‍ പൊതുസമൂഹത്തിന് മുമ്പിലുണ്ട്,’ ജേക്കബ് തോമസ് പറഞ്ഞു.
വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
‘നിന്നാല്‍ ജയിച്ചിരിക്കും. നൂറു ശതമാനം ഉറപ്പാണ്. ജയിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ നില്‍ക്കുന്നത്. എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഒപ്പം സംഘിയെന്ന് വിളിക്കുന്നതില്‍ തനിക്ക് അഭിമാനമാണെന്നും അതൊരു മോശം വാക്കല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
‘ സംഘി എന്നു പറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആര്‍എസ്എസ്, ബിജെപി അങ്ങനെ കുറെയധികം സംഘടനകളെ ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ്. ആ കുടുംബത്തിലെ അംഗമെന്ന് വിളിക്കുന്നതില്‍ അഭിമാനവമേയുള്ളൂ. അതൊരു മോശം വാക്കില്ലല്ലോ. അങ്ങനെ വിളിക്കുന്നത് വിളിക്കുന്നവരുടെ വിവരമാണോ വിവരക്കേടാണോ എന്ന് കൂടി നമ്മള് ചിന്തിക്കണം,’ ജേക്കബ് തോമസ് പറഞ്ഞു.