മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും പപ്പാതി?; തിങ്കളാഴ്ച അറിയാം
കോണ്‍ഗ്രസ്: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരുക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആദ്യ ടേമില്‍ ഉമ്മന്‍ ചാണ്ടിക്കും രണ്ടാം ടേമില്‍ ചെന്നിത്തലയ്ക്കും വീതംവെച്ച് നല്കുന്ന കാര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുള്ളത്.
എന്നാല്‍, ഇതിനോട് ഹൈക്കമാന്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നതില്‍ വ്യക്തതയില്ല. ഇരുവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം വീതംവെച്ച് നല്കിയാല് ഗ്രൂപ്പ് പോര് ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഹൈക്കമാന്‍ഡും കേരളത്തില്‍നിന്നുള്ള നേതാക്കളും തിങ്കളാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വീതംവെപ്പടക്കമുള്ള കാര്യങ്ങളില്‍ ധാരണയായേക്കും.
കെപിസിസി-ഡിസിസി നേതൃത്വങ്ങളിലെ അഴിച്ചുപണി, മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്നത്, ഉമ്മന്‍ ചാണ്ടിക്ക് നല്‍കേണ്ട പദവി തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കമാന്‍ഡ് തിങ്കളാഴ്ച ചര്‍ച്ച ചെയ്യുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ സജീവമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം തന്നെ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.