ബജറ്റിൽ പാലായ്ക്കു പ്രതീക്ഷിച്ച പരിഗണന കിട്ടിയില്ല; മാണി സി കാപ്പൻ
പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ എംഎൽഎ. റബ്ബറിൻ്റെ താങ്ങുവില 150-ൽ നിന്നും 170 ആയി ഉയർത്തിയത് കർഷകർക്കു ഗുണം ചെയ്യും. റബ്ബറിന് 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നുവെന്നും കാപ്പൻ പറഞ്ഞു.
മൂന്നിലവ് - മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് - ഉള്ളനാട് - കൊടുമ്പിടി റോഡ് ബി എം ബി സി ടാറിംഗ്, പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നവീകരണം, ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗ്യാലറി നിർമ്മാണം, കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചാമപ്പാറ-വെള്ളാനി - പുളളിക്കാനം റോഡ്, ഇലവീഴാപൂഞ്ചിറയിലെ സിനിമാ സ്റ്റുഡിയോ - ഹോട്ടൽ കോംപ്ലക്സ്, ഇല്ലിക്കലിൽ ഡോർമിറ്ററിയോടു കൂടിയ യാത്രീനിവാസ്, ഹോട്ടൽ സമുച്ചയം, ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ, പാലാ പാരലൽ റോഡിൽ ആർ വി ജംഗ്ഷനിൽ കോഴാ റോഡിന് മുകളിലൂടെ ഫ്ലൈഓവർ, പഴുക്കാക്കാനം - പാമ്പനാംകവല കമ്പക്കാനം റോഡ് ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചു. പദ്ധതികൾക്കു ടോക്കൺ തുകയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ച പദ്ധതികൾ നടപ്പാക്കിയിരുന്നു.
കൊട്ടാരമറ്റത്ത് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഫ്ലൈഓവറിന് പദ്ധതി സമർപ്പിച്ചെങ്കിലും ബജറ്റിൽ അനുമതി ലഭിച്ചില്ല. തീക്കോയി - തലനാട് റോഡിൽ പാലം, കടുവാമൂഴി തെള്ളിയാമറ്റം ഗ്യാസ് ഗോഡൗൺ സബ് സ്റ്റേഷൻ ബി എം ബി സി ടാറിംഗ്, പാലായിൽ കലാ-സാംസ്ക്കാരിക - സാഹിത്യ പഠന ഗവേഷണകേന്ദ്രം, തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ വ്യവസായ പാർക്ക്, കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ്, ഫുഡ് പാർക്ക്, മൂന്നിലവ് അഞ്ചുമല കടപ്പുഴ ജലവിതരണ പദ്ധതി, പാലായിൽ സ്പോർട്ട്സ് അക്കാദമി, കോണിപ്പാട് - മങ്കൊമ്പ് റോഡിൽ കോണിപ്പാട് മുതൽ ഉപ്പിട്ടുപാറ വരെ ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.
കൂടുതൽ പദ്ധതികൾ നടപ്പാക്കാനും അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.