തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തള്ള് ബജറ്റെന്ന് കുഞ്ഞാലിക്കുട്ടി; ‘ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ല’
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി. ഐസക്കിന്റെ ബജറ്റ് അസ്സല് തള്ളാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടം കൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ല. ബജറ്റ് പ്രഖ്യാപനങ്ങളെ ജനങ്ങള്‍ സീരിയസ് ആയി എടുക്കില്ല. പല പ്രശ്നങ്ങളും മുന്നിലുള്ളപ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എന്ത് കാര്യമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 കോടി മാത്രമായിരുന്നു. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിവപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തകര്‍ന്നുകിടക്കുന്ന കേരളത്തിന്റെ നില മെച്ചപ്പെടുത്താനുള്ള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ഈ ബഡ്ജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യഥാര്‍ത്ഥത്തില്‍ കൊവിഡ് കാലത്ത് ജനങ്ങളുടെ കൈയ്യില്‍ കൂടുതല്‍ പണം എത്തേണ്ടതായിരുന്നു. അത് എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റബ്ബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. ഇത് വര്‍ധിപ്പിക്കുമെന്ന് കരുതി നമ്മള് ഈ അഞ്ച് വര്‍ഷം കാത്തുനിന്നു. ഇപ്പോള്‍ റബ്ബര്‍ കര്‍ഷകരെ അവഹേളിച്ച് 20 രൂപയാണ് കൂട്ടിയിരിക്കുന്നത്. അത് വേണ്ടെന്ന് വെക്കാന്‍ കര്‍ഷകര്‍ തയ്യാറാവുമെന്നാണ് എന്റെ പ്രതീക്ഷ. 250 രൂപയെങ്കിലുമാക്കി റബ്ബറിന്റെ വില സ്ഥിരതാ ഫണ്ട് വര്ധിപ്പിക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കഴിഞ്ഞ പല ബജറ്റുകളിലും കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനങ്ങള്‍ നടത്തി. 5000 കോടിരൂപയുടെ ഇടുക്കി പാക്കേജ് എവിടെപ്പോയി? 3400 കോടി രൂപയുടെ കുട്ടനാട് പാക്കേജ് എവിടെപ്പോയി? 2000 കോടി രൂപയുടെ വയനാട് പാക്കേജ് എവിടെപ്പോയി? ഒരുരൂപ പോലും പ്രഖ്യാപിച്ചതല്ലാതെ ചെലവാക്കിയിട്ടില്ല. വീണ്ടും 2400 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച പാക്കേജുകള്‍ ഒന്നും നടന്നില്ല. തീരദേശം പാക്കേജ് 10000 കോടി ഐസക്കിന്റെ രണ്ടാമത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഒരുരൂപ ചെലവാക്കിയില്ല. ഇപ്പോള്‍ വീണ്ടും പദ്ധതി പ്രഖ്യാപിച്ച് അവരെ കബളിപ്പിച്ചിരിക്കുകയാണ്. ഇത് ആരാണ് വിശ്വസിക്കുക? കശുവണ്ടി മേഖല തകര്‍ന്നു കിടക്കുന്നു, എല്ലാ ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ 5000 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതും തട്ടിപ്പാണ്’, ചെന്നിത്തല പറഞ്ഞു. കയര്‍ മേഖലയില്‍ 10000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ എക്കണോമിക് സര്‍വ്വെ പറയുന്നത് കയര്‍ മേഖലയില്‍ വന്‍ തിരിച്ചടിയാണെന്നാണ്. കയറിന്റെ മന്ത്രികൂടിയാണ് അദ്ദേഹം. ഓരോ ദിവസവും ഓരോ യന്ത്രവത്കൃത കയര്‍ ഫാക്ടറി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 100 ദിന കര്‍മ്മപദ്ധതി പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ഒന്നുപോലും തുടങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മൂന്ന് വ്യാവസായിക ഇടനാഴിക്ക് 5000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് എവിടെനിന്നാണെന്ന് മന്ത്രി പറഞ്ഞിട്ടില്ല. ഓരോ വീട്ടിലും ഓരോ ലാപ്ടോപ്പ് നല്‍കുമെന്ന പ്രഖ്യാപനം ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. 100 ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്ടോപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് നടക്കാതിരിക്കവെയാണ് എല്ലാവീട്ടിലും ഓരോ ലാപ്ടോപ്പ് കൊടുക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. 100 ദിന പരിപാടിയില്‍ ഒരു പ്രഖ്യാപനം, അത് കഴിഞ്ഞ് പത്ത് ദിന പരിപാടിയില്‍ ഒരു പ്രഖ്യാപനം, ന്യൂ ഇയറില്‍ ഒരു പ്രഖ്യാപനം, ഈ ബജറ്റിലൂടെയും പ്രഖ്യാപനം. കിഫ്ബിയില്‍ അറുപതിനായിരം കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു. ഇതുവരെ ആറായിരം പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി നടത്തിയ പാഴ് വേല മാത്രമാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.