റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ; ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍
ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേരള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സര്‍ക്കാര്‍ നല്‍കും.
കഴിഞ്ഞ 2 വര്‍ഷം 16.2 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ പരിരക്ഷ നല്കി. 941 കോടി രൂപ ചെലവഴിച്ച് 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയതിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്കീമിന് കീഴില്‍ വരും. അര്‍ഹരായ ചെറിയ കുടുംബങ്ങള്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അവരെ കൂടി ഈ ആരോഗ്യ സുരക്ഷാ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
‘കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍കോളെജ്, ജില്ലാ താലൂക്ക് ആശുപത്രികള്‍ ഉടന്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. 3122 കോടി രൂപയാണ് ഇതിനായി അനമുവദിച്ചിട്ടുള്ളത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയും ഇതില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. പുതിയ മെഡിക്കല്‍ കോളെജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കുടുതല്‍ പേരെ നിയോഗിക്കും. റീജണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി രൂപ അനുവദിക്കും. 30 കോടി രൂപ പ്രാരംഭ ഘട്ടത്തില്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കാന്‍ നീക്കിവെക്കും. ഇ ഹെല്‍ത്തിനെ ആരോഗ്യവകുപ്പിന്റെ മുഴുവന്‍ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഏജന്‍സിസായി ഉയര്‍ത്തും.’ മന്ത്രി പ്രഖ്യാപിച്ചു.
ഇതിന് പുറമേ ഭക്ഷ്യ സുരക്ഷാ രംഗത്തും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിനൊപ്പം ഒപ്പം നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ ക്ഷേമപെന്ഷന് 1600 ആയി ഉയര്‍ത്തുമെന്നതായിരുന്നു ധനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.