‘ആര്‍ക്കും രോമാഞ്ചമുണ്ടാവുന്ന പ്രഖ്യാപനം’; പരിഹസിച്ച് വിഡി സതീശന്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിലെ ലാപ് ടോപ്, ഇന്റര്‍നെറ്റ് അടക്കമുള്ള ഡിജിറ്റല്‍ രംഗത്തെ പ്രഖ്യാപനത്തെ പരിഹസിച്ച് വിഡി സതീശന് എംഎല്‍എ. രാജിവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ക്ക് ഇപ്പോള്‍ ഡിജിറ്റല്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള പ്രഖ്യാപനം നടത്തുമ്പോള്‍ ആര്‍ക്കായാലും രോമാഞ്ചം ഉണ്ടായേക്കാമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ രംഗത്തെത്തിയത്.
‘രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ …… ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും.’ വിഡി സതീശന് പറഞ്ഞു.
എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പ് വരുത്തും, കേരളത്തിലെ മുഴുവന്‍ വീടുകളിലും ഇന്റനെറ്റ് ലഭ്യമാക്കുന്നതിനായി കെഫോണ്‍ പദ്ധതി നടപ്പിലാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളായിരുന്നു ധനമന്ത്രി നടത്തിയത്.
പ്രഖ്യാപനത്തിന്റെ പൂര്‍ണരൂപം;
എല്ലാ വീട്ടിലും ലാപ്ടോപ് പദ്ധതി നടപ്പിലാക്കും. ഇതിനായി ആദ്യ നൂറ് ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ് വിതരണ പരിപാടി കൂടുതല്‍ വിപുലമാക്കും.
പട്ടിക ജാതി വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, അന്ത്യോദയ വീടുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പകുതി വിലക്ക് ലാപ്ടോപ് നല്‍കും. മറ്റ് ബിപില്‍ വിഭാഗങ്ങള്‍ക്ക് 25 % സബ്സിഡിയുണ്ടാവും. ബന്ധപ്പെട്ടവകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ചെലവ് വഹിക്കുക.
സബ്സിഡി കഴിഞ്ഞുള്ള തുക മൂന്ന് വര്‍ഷം കൊണ്ട് കെഎസ്എഫ്ഇ മൈക്രോചിറ്റി വഴി തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിറ്റിയില് ചേരുന്നവര്‍ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ് ടോപ് ലഭ്യമാക്കും. ഇതിനുള്ള പലിശ സര്‍ക്കാര്‍ നല്‍കും.
വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കെഫോണ്‍ പദ്ധതി നടപ്പിലാക്കും. കെഫോണ്‍ പദ്ധതി ജൂലൈമാസത്തോടെ പൂര്‍ത്തിയാക്കും. ബിപില്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്. 30000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അതിവേഗ ഇന്ട്രോനെറ്റ് സംവിധാനം വഴി ബന്ധപ്പെടും. 10 എംബിപിഎസ് മുതല്‍ 1 ജിപിബിഎസ് വരെയുള്ള വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.
കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും മെച്ചപ്പെട്ട സേവനം കുറഞ്ഞ നിരക്കില്‍ ലേഭിക്കും. ചെറുകിട ചെറുകിട വ്യാവസായ മേഖലകള്‍ക്കടക്കം ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കും. കെഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വിലയിരുത്തും.