വാട്സ്ആപ്പിന്റെ പോളിസി മാറ്റത്തില്‍ അന്വേഷണം; ഫേസ്ബുക്കിന് മുന്നറിയിപ്പ്
ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറി കൊണ്ടുള്ള വാട്സ്ആപ്പിന്റെ പുതിയ നയപരിഷ്കാരങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി കോംപറ്റീഷന്‍ ബോര്‍ഡ്. അന്വേഷണം പൂര്‍ത്തിയാകും വരെ പോളിസിയിലെ മാറ്റം താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കിനോട് തുര്‍ക്കി ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും തുര്‍ക്കി കോംപറ്റീഷന്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞദിവസമാണ് വാട്സ്ആപ്പ് തങ്ങളുടെ ഉപയോഗനിബന്ധനങ്ങളും സ്വകാര്യതാനയങ്ങളും പരിഷ്കരിച്ചത്. ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാന്‍ ഫേസ്ബുക്കിനെയും അനുബന്ധ സ്ഥാപനങ്ങളെയും അനുവദിക്കുന്നതാണ് പുതിയ നയം. നിബന്ധനകള്‍ അംഗീകരിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ടാണ്. അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍, സ്ഥല വിവരങ്ങള്‍, ഹാര്ഡ്വെയര് മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്നല്‍ വിവരങ്ങള്‍, കണക്ഷന് വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചു.
അതേസമയം, വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതരത്തിലുള്ളതാണ് പുതിയ നിബന്ധനകള്‍ എന്നാണ് വിമര്‍ശനം. പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് ഡാറ്റയിലേക്ക് കൈകടത്തല്‍ നടത്തുമെന്നാണ് നിരീക്ഷണം. ഇത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് വാട്സ്ആപ്പ് ഉപയോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന് തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്ന് വിശദീകരിച്ച് വാട്സ്ആപ്പ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലാണ് വാട്സ്ആപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്. 200 കോടി പേരില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്ന 40 കോടി ജനങ്ങളും ഇന്ത്യയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വാട്സ്ആപ്പില്‍ ഫേസ്ബുക്കിന്റെ പ്രവേശനം കൂടിയായാല്‍ ഉപയോക്താക്കളില്‍ ഇനിയും ഇടിവ് വന്നേക്കുമെന്ന ആശങ്ക കമ്പനിക്കുണ്ട്.