‘വേല വേലായുധനോട് വേണ്ട, വി ഫോര്‍ കൊച്ചിയെന്ന്! ഞങ്ങള്‍ എല്ലാം ആഫ്രിക്കക്ക് വേണ്ടിയാണോ?’: ജി സുധാകരന്
വൈറ്റില പാലത്തെകുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നാക്കെയായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ ആ രീതിയിലൊക്കെ ആരെങ്കിലും പാലം പണിയുമോ. എഞ്ചിനീയര്‍മാര്‍ അത്ര കൊഞ്ഞാണന്മാരാണോ. അപ്പോള്‍ പിന്നെ അത്തരം കാര്യങ്ങള്‍ പ്രചരിക്കുന്നവരാണ് കൊഞ്ഞാണന്മാര് എന്നും ജി സുധാകരന് പറഞ്ഞു. വൈറ്റില മേല്‍പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ന് പറയുന്നവര്‍ ഞങ്ങള്‍ കൊച്ചിക്ക് വേണ്ടിയെന്ന് തെറ്റായി പേരിട്ട് നടക്കുകയാണ്. മൂന്നാലുപേര് പറയുകയാണ് വിഫോര്‍കൊച്ചിയെന്ന്. ഞങ്ങള്‍ എല്ലാം ആഫ്രിക്കക്ക് വേണ്ടിയാണോ? അവര്‍ നാല് പേരാണ്. നാണവും മാനവും ഉണ്ടോ അവര്‍ക്ക്.’ ജി സുധാകരന് ചോദിച്ചു.
കൊച്ചിയെ ഭരിക്കുന്നത് കൊച്ചിയിലെ ജനപ്രതിനിധികളടങ്ങുന്ന സ്ഥാപനമാണെന്നും അത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ആണെന്നും ജി സുധാകരന് പറഞ്ഞു. നാല് പേര് ഉന്മാദാവസ്ഥയില് രാത്രി എന്തെങ്കിലും തീരുമാനിച്ച് നാട്ടില്‍ കോപ്രായം കാണിക്കുന്ന കോമാളികളല്ല കൊച്ചി എന്താണെന്ന് തീരുമാനിക്കേണ്ടത്. ഇത് കൊച്ചിയില്‍ അല്ലാതെ മറ്റെവിടേയും ഇല്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലത്തിന് പ്രശ്നമുണ്ടായത് പോലെ ഈ പാലത്തിനും പ്രശ്നമുണ്ടാക്കാന്‍ ധൃതിപിടിക്കുകയായിരുന്നു കൊച്ചിയില്‍ ചിലര്‍. വേലായുധനോട് വേല വേണ്ട, വേറെ വല്ലടത്തും പോയി നോക്കിയാ മതി, ഇവിടെ എല്ലാം ന്യായമായി നടക്കുമെന്നും ജി സുധാകരന് പറഞ്ഞു.
വി ഫോര്‍ കൊച്ചി സംഘടനക്കെതിരെ മുഖ്യമന്ത്രിയും പരോക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചിലര്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് ശ്രമിച്ചത്. പ്രതിസന്ധി ഘട്ടത്തിലൊന്നും ഇക്കൂട്ടരെ കണ്ടി
ല്ല. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥതയാണ്. ജനകീയ വാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്ത് വന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്.അരാജകത്വത്തിന് കൂട്ട് പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെ.’ മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം അനധികൃതമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതിന് മൂന്ന് വിഫോര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.