അടച്ചിട്ട തീയേറ്ററിന് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ;വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി
കൊച്ചി :അടച്ചിട്ട സിനിമാ തീയേറ്ററിന് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ എന്ന വാർത്ത വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കെ എസ് ഇ ബി അറിയിച്ചു .2020മാർച്ചു മുതൽ അടഞ്ഞുകിടന്ന സിനിമാ തീയേറ്ററിന് കെ എസ് ഇ ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു .
പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ശ്രീ ജിജിമോൻ ജോസഫ് വാർത്താ സമ്മേളനത്തിലൂടെയാണ് ഈക്കാര്യം അറിയിച്ചത് . മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന തന്റെ തിയറ്ററിന് കെ എസ് ഇ ബി ഭീമമായ ബിൽ ചുമത്തി എന്നായിരുന്നു ആരോപണം.
ശ്രീ ജിജിമോൻ ജോസഫ്, അഞ്ചാനി സിനിമാസ്, പള്ളിയ്ക്കത്തോട് എന്ന പേരിൽ 1157073012958 എന്ന കൺസ്യൂമർ നമ്പരിൽ സിനിമാ തീയറ്ററിനായി LT 7C താരിഫിൽ 99 KVA കോൺട്രാക്ട് ഡിമാന്റ് വച്ച് പള്ളിയ്ക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് മേൽപ്പറഞ്ഞ കണക്ഷൻ നൽകിയിരിക്കുന്നത് എന്ന് കെ എസ് ഇ ബി തങ്ങളുടെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി . 2020 ഫെബ്രുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് 02.03.2020 ൽ നൽകിയ 1,52,998/- രൂപയുടെ ബിൽ ഉൾപ്പെടെ നാളിതുവരെ അദ്ദേഹം വൈദ്യുതി ബിൽ തുക അടച്ചിട്ടില്ല എന്നും , അതിനു ശേഷവും പ്രതിമാസം ശരാശരി 2000 യൂണിറ്റ് ഉപയോഗം ഉണ്ടായതായും ശരാശരി 35000 രൂപ പ്രതിമാസ ബിൽ വന്നതായും രേഖകളുണ്ട് .
എന്നാൽ ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉപകരണങ്ങൾ എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും പ്രവർത്തിപ്പിച്ചില്ലെങ്കിൽ തകരാറിലായിപ്പോകും എന്നാണ് പ്രതികരിച്ചത് .ലോക് ഡൗൺ കാലത്ത് കെ എസ് ഇ ബി ഇളവായി നൽകിയ ഫിക്സഡ് ചാർജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബർ മാസത്തെ ഉപയോഗം ഉൾപ്പെടെ 5,55,110/- രൂപ ഇദ്ദേഹത്തിന് കുടിശികയായി നിലവിലുണ്ട്.
ഇതിൽ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉൾപ്പെടുംവൈദ്യുതി ബിൽ കുടിശിക സംബന്ധിച്ച് പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ല. തുടർന്നാണ് 01-01-2021 തീയതിയിൽ 5,21,505/- രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകിയതെന്നും കെ എസ് ഇ ബി കുറിപ്പിൽ വ്യക്തമാക്കി .കെ എസ് ഇ ബി പോലൊരു സ്ഥാപനത്തെ ഇകഴ്ത്തികാട്ടുന്ന ഇത്തരം വാർത്തകൾ ദുഃഖം ഉണ്ടാകുന്നതാണെന്നും അവർ കുറിപ്പിൽ പങ്കു വെച്ചു .