സര്‍ക്കാര്‍ നേട്ടങ്ങള്‍ അക്കമിട്ട് ഗവര്‍ണര്‍; കാര്‍ഷിക നിയമത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം
നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വഭേദഗതി നിയമത്തില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.
‘കൊവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ട സര്‍ക്കാരാണിത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഭക്ഷ്യ കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.’ ഗവര്‍ണര്‍ പറഞ്ഞു.
പ്രകടന പത്രിക നടപ്പിലാക്കിയ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ച് വാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഫെഡറലിസത്തിനായി വിട്ടുവീഴ്ച്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ക്ഷേമ പെന്ഷന് 600 രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കാര്‍ഷിക നിയമത്തിന് എതിരായ ഭാഗവും സര്‍ക്കാര്‍നയപ്രഖ്യാപനത്തില്‍ വായിച്ചു. കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാവുന്ന നിയമമാണ്. കാര്‍ഷിക നിയമം ഉപഭേക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും. കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാവും, പൂഴ്ത്തിവെപ്പിന് കളമൊരുങ്ങുന്നതാണ് നിയമം, കാര്‍ഷിക സ്വയം പര്യാപ്തതക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഗെയില്‍ അഭിമാനകരമായ പദ്ധതി, ഈ സാമ്പത്തിക വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടി രൂപ ചെലവഴിച്ചുവെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു.