വത്സന് തില്ലങ്കേരിയെ ഏലത്തൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപി; എംടി രമേശ് കോഴിക്കോട് നോര്‍ത്തില്‍ ജനവിധി തേടിയേക്കും
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ അഞ്ച് സീറ്റുകളില്‍ വിജയം നേടാനുള്ള നീക്കങ്ങളിലേക്ക് ബിജെപി. സംസ്ഥാന നേതാക്കളെയും സിനിമാ, കായിക താരങ്ങളെയും മത്സരിപ്പിക്കാനാണ് തീരുമാനം. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മൂന്ന് നേതാക്കളെയെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.
ആര്‍എസ്എസ് നേതാവായ വത്സന് തില്ലങ്കേരിയെ ഏലത്തൂരില്‍ മത്സരിപ്പിച്ചേക്കും. എംടി രമേശിന്റെ പേരാണ് കോഴിക്കോട് നോര്‍ത്തില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത്. കൗണ്‍സിലറായി രണ്ടാം തവണയും വിജയിച്ച നവ്യ ഹരിദാസിനെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാവിന് സീറ്റ് നല്‍കാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
കുന്നമംഗലം മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, ജില്ലാ പ്രസിഡണ്ട് വികെ സജീവന് എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. സജീവനെ വടകരയിലേക്കും പരിഗണിക്കുന്നുണ്ട്.
ബേപ്പൂരില്‍ സംസ്ഥാന സെക്രട്ടറി കെപി പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്ണന് എന്നിവരെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പ്രഫുല്‍ കൃഷ്ണന്, പി രഘുനാഥ്, ടിവി ഉണ്ണികൃഷ്ണന് എന്നിവരെ പരിഗണിക്കുന്നു.
വിവി രാജന്, ടിപി ജയചന്ദ്രന് എന്നിവരെ വത്സന് തില്ലങ്കേരിയ്ക്ക് പുറമേ ഏലത്തൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. കെപി ശ്രീശന്, എന്‍പി രാധാകൃഷ്ണന് എന്നിവരെ കൊയിലാണ്ടിയിലേക്കാണ് പരിഗണിക്കുന്നത്. ജില്ലയില്‍ രണ്ട് സീറ്റിലെങ്കിലും ജയിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.