കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു; സിപിഐഎം ജില്ലാ കമ്മറ്റി യോഗം ഇന്ന്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെയും സിപിഐഎമ്മിന്റെയും പ്രകടനം ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി വിശകലനം ചെയ്യും. തെരഞ്ഞെടുപ്പിലെ വോട്ട് നില തിങ്കളാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജന്റെ സാന്നിദ്ധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ് യോഗം.
പ്രതീക്ഷിച്ചത് പോലെ കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ സാധിച്ചു. എങ്കിലും ശക്തികേന്ദ്രങ്ങളില്‍ ചിലയിടങ്ങളില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചുവെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. പഴയ മുനിസിപ്പല്‍ മേഖലയിലും പള്ളിക്കുന്ന്, പൂഴാതി മേഖലയില്‍ യുഡിഎഫ് മേധാവിത്വം തുടരുന്നു. ബിജെപിക്ക് ഈ മേഖലയില്‍ പലയിടത്തും വോട്ട് വര്‍ധിച്ചു. എസ്ഡിപിഐക്കും വോട്ടില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. കണ്ണൂരില്‍ അധികം പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കില്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ കുറവാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച കുറക്കാനായി. പഴയ ശക്തിയിലേക്ക് തിരികെ വരാനായി. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന പിഴവ്, പ്രാദേശിക പ്രശ്നങ്ങള്‍ എന്നതിനാല്‍ പാര്‍ട്ടി വോട്ടുകള്‍ ചില പ്രദേശങ്ങളില്‍ ചോര്‍ന്നു.
പാര്‍ട്ടി കോട്ടയായ മയ്യില്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായി. നേരത്തെ 600 വോട്ടിന് വിജയിച്ച സീറ്റില്‍ ഇക്കുറി 90 വോട്ടിനാണ് വിജയിച്ചത്. 400 വോട്ടിന് വിജയിച്ച സീറ്റില്‍ ആറ് വോട്ടിനാണ് വിജയിച്ചത്.
മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ഒരു വോട്ടിനാണ് കടന്നുകൂടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുകുന്ന് പഞ്ചായത്തിലും മലപ്പട്ടം പഞ്ചായത്തില്‍ ആദ്യമായും ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചു. തലശ്ശേരിയില്‍ ബിജപി വോട്ട് വര്‍ധിപ്പിച്ചു. വോട്ട് ചോര്‍ച്ചയുണ്ടാവുന്ന പ്രവണത മാറിയിട്ടില്ലെന്നും പരിഹരിക്കണമെന്നും യോഗം വിലയിരുത്തി.