നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തര്‍ക്ക ഭൂമി വേണ്ടെന്ന് ആവര്‍ത്തിച്ച് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട. അത് സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണെന്ന് രാജന്റെ മക്കള്‍ പറഞ്ഞു.
”കേസിലെ പരാതിക്കാരിയായ വസന്തയ്ക്ക് ഈ ഭൂമി നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. അത് സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണ്. കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടത്. ഭൂമി വിറ്റത് നിയമപരമായി തെറ്റാണ്. സാറിനെ വരെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ഭൂമി വിറ്റത്. ഞങ്ങള്‍ക്ക് സാര്‍ അല്ല, സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടത്. സാര്‍, ഈ രേഖ തിരിച്ചുകൊടുത്ത് പണം തിരിച്ചു വാങ്ങി പാവങ്ങള്‍ക്ക് നല്‍കണം.”- രാജന്റെ മക്കള്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കള്‍ പറഞ്ഞു.
അതേസമയം, വസന്ത പറ്റിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ‘എന്നെ അവര്‍ പറ്റിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. അതിന് ഇറങ്ങി തിരിച്ചാല്‍ അത് നേടിയെടുക്കും. ഈ ഭൂമി നിയമപരമായി നേടിയെടുത്ത് നിങ്ങള്‍ക്ക് നല്‍കും.’
ഇന്ന് ഉച്ചയോടെയാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ കൈയില്‍ നിന്ന് ഭൂമി വാങ്ങിയ വിവരം അദ്ദേഹത്തിന്റെ ജനറല്‍ മാനേജര്‍ അറിയിച്ചത്. ബോബിയുടെ വാക്കുകള്‍: ‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ എന്നെ വിളിച്ച്, രാജന്റെ മക്കളെ ആ ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞാന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ പോയി കണ്ട്, രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഉടന്‍ അവര്‍ക്ക് കൈമാറും. എന്നിട്ട് അവരെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവരുടെ വീട് പണി പൂര്‍ത്തിയായ ശേഷം അവരെ അവിടെ തിരികെയെത്തിക്കും.’
കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന് ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന് ആരോപിച്ചിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസി വസന്തയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ വസന്ത അന്ന് പറഞ്ഞിരുന്നു. ”ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മപാവപ്പെട്ട മറ്റാര്‍ക്ക് നല്കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ല.”-വസന്ത പറഞ്ഞു.