റാന്നിയിലെ ജോസ് വിഭാഗം-ബിജെപി ധാരണ കരാര്‍ അടിസ്ഥാനത്തില്‍; എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശോഭ മുദ്രപത്രത്തില്‍ എഴുതി നല്കി
റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എല്‍ഡിഎഫിന്റെ ശോഭാ ചാര്‍ലിയും ബിജെപിയും തമ്മില്‍ ധാരണ. ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭ കരാറിലേര്‍പ്പെട്ടതിന്റെ രേഖകള്‍ പുറത്തുവന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പരിപാടിയില്‍ അല്ലാതെ, മറ്റ് ഇടതുപക്ഷ പരിപാടികളുമായി സഹകരിക്കില്ലെന്ന് ശോഭ ബിജെപിക്ക് നല്കിയ ഉറപ്പിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരാറില്‍ ഒപ്പിട്ട് നല്കിയ ശേഷമാണ് ബിജെപിയുടെ രണ്ട് അംഗങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശോഭയെ പിന്തുണച്ചത്. അതേസമയം, വിഷയത്തോട് പ്രതികരിക്കാന്‍ ശോഭ ഇതുവരെ തയ്യാറായിട്ടില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി എന്നിവരുടെ വോട്ടുകള്‍ വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നത്. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്ലിക്കായിരുന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാണ് ശോഭയ്ക്ക് ലഭിച്ചത്. സംഭവം വിവാദമായതോടെ ശോഭയോട് രാജിവയ്ക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഇല്ലെന്ന് വ്യക്തമാക്കിയതോടെ മുന്നണിയില്‍ നിന്ന് പുറത്താക്കി. എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനായിരുന്നു നടപടിയെന്ന് എല്‍ഡിഎഫ് നേതാവ് ശിവന്‍കുട്ടി അറിയിച്ചിരുന്നു.
ശോഭയും ബിജെപിയും തമ്മിലുള്ള ധാരണയെക്കുറിച്ച് അറിയില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
അതേസമയം, ശോഭ ചാര്‍ലിക്ക് വോട്ടുചെയ്ത മെമ്പര്‍മാര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. കെ പി രവീന്ദ്രന്, എ എസ് വിനോദ് എന്നിവരെ ബിജെപി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് സംഭവസമയത്ത് വ്യക്തമാക്കിയിരുന്നു.