താമസസ്ഥലത്ത് നിന്നും അമ്മയേയും മക്കളേയും ഇറക്കി വിട്ടതായി ആരോപണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. പുറംപോക്കിലെ ഷെഡില്‍ താമസിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ശേഷം ഷെഡ് പൊളിച്ചുമാറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു.
‘തങ്ങളെ വാള് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഷെഡ് പൊളിച്ചുമാറ്റിയത്. അയല്‍ക്കാര്‍ കുട്ടികളുടെ ദേഹത്ത് കയറി പിടിച്ചു.’ അമ്മ സുറുമി ആരോപിച്ചു.
കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ 22 ാം തിയ്യതിയായിരുന്നു നെയ്യാറ്റിന്‍കരയില്‍ ഒരു കുടംുബത്തെ കുടിയൊഴിപ്പിക്കുന്നതിനിടെ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. തര്‍ക്കഭൂമിയില്‍ താമസിച്ചിരുന്ന രാജന്-അമ്പിളി ദമ്പതികളെ കുടി ഒഴിപ്പിക്കുന്നതിനിടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. അയല്‍വാസിയുടെ പരാതിയില്‍ കുടുംബം താമസിച്ചിരുന്ന ഭൂമിയില്‍ നിന്നും ഇവരെ ഒഴിപ്പിക്കാന്‍ എത്തിയതായിരുന്നു പൊലീസ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന് ആത്മഹത്യ ഭീഷണി മുഴക്കി പെട്രോള്‍ ദേഹത്തേക്കൊഴിക്കുകയും ലൈറ്റര്‍ കത്തിക്കുകയും ചെയ്തു. അപകടം ഒഴിവാക്കാനായി പൊലീസ് ലൈറ്റര്‍ തട്ടിയതോടെ ദേഹത്തേക്ക് തീപടരുകയായിരുന്നു. അപകടത്തില്‍ ഇരുവരും മരണപ്പെട്ടു.
നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസിയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നര വര്‍ഷമായി രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം ഇവിടെയാണ് താമസിച്ചിരുന്നത്.