കൊച്ചിയില്‍ മേയര്‍ക്കായി ത്രികോണ മത്സരം; ബിജെപി പിന്തുണയോടെ ജയിച്ചാല്‍ രാജിവെക്കാന്‍ യുഡിഎഫ്
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും.
കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് ത്രികോണ മത്സരമായിരിക്കും. ബിജെപി കൂടി മത്സര രംഗത്തേക്ക് വന്നതോടെ മേയര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.
ഇടത് മുന്നണി മേയര്‍ സ്ഥാനത്തേക്ക് എം അനില്‍കുമാറിനേയും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിപിഐയിലെ കെഎ അന്സിയയേയും നിശ്ചയ്യിച്ചിട്ടിണ്ട്.
ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ച്ച രാവിലെയാണ് കോണ്‍ഗ്രസ് മേയര്‍, ഡെപ്യൂട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. രണ്ട് പേര് കൂടുതല്‍ ഐ ഗ്രൂപ്പിനായതിനാല്‍ തന്നെ ആന്റണി കൂരിത്തറയെ ഐ ഗ്രൂപ്പ് മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാതെയാണ് ആന്റണി കൂരിത്തറയുടെ പേര് ഉയര്‍ന്നത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി എ വിഭാഗത്തിലെ സീന ഗോകുലനെ നിശ്ചയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി എ വിഭാഗത്തിലെ അരിസ്റ്റോട്ടിലിനേയും ഡെപ്യൂട്ടി സെക്രട്ടറിയായി ഹെന്റി ഓസ്റ്റിന്‍, വികെ മിനിമോള്‍ എന്നിവരേയും തെരഞ്ഞെടുത്തു.
മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ വിജയിച്ചാല്‍ രാജിവെക്കാനാണ് യുഡിഎഫ് തീരുമാനം.
എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന അംഗം സുധ ദിലീപ് കുമാറിനെയാണ് ബിജെപി പരിഗണിച്ചത്. പ്രിയ പ്രശാന്താണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. അഞ്ചംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് ഒന്നാംഘട്ടത്തില്‍ മാത്രമെ മത്സരിക്കാന്‍ കഴിയൂ. മൂന്ന് അംഗങ്ങളില്‍ കൂടുതലുള്ള നഗരസഭകളിലെല്ലാം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം.