‘വിവാഹത്തില്പെട്ടുപോയി, രക്ഷപെടാന്‍ കൊന്നു’; ശാഖ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ കുറ്റസമ്മതം
തിരുവനന്തപുരം: കാരക്കോണത്ത് ശാഖകുമാരി കൊലപാതകത്തില്‍ ഭര്‍ത്താവ് അരുണ്‍ കുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ശാഖയുമായുള്ള വിവാഹത്തില്‍ താന്പ്പെട്ടു പോയതാണെന്നും ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് അവരെ കൊന്നതെന്നും അരുണ്‍ പൊലീസിന് മൊഴി നല്കി.
കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെ ഇന്നലെ രാവിലെയാണ് വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അരുണിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണ്‍ ആദ്യം മൊഴി നല്‍കിയത്. അരുണ്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് ശാഖ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് കേസില്‍ വഴി തിരിവായത്. ശാഖയുടെ മൂക്ക് ചതഞ്ഞിരുന്നു എന്ന അയല്‍ക്കാരുടെ മൊഴിയും നിര്‍ണ്ണായകമായി.
തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അരുണ്‍ കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ ഈ വിവാഹത്തില്‍ പെട്ട് പോയതാണെന്നും രക്ഷപെടാന്‍ വേണ്ടിയാണ് ശാഖയെ കൊലപ്പെടുത്തിയതെന്നുമാണ് അരുണിന്റെ കുറ്റസമ്മതം. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ശാഖ തടസം നില്‍ക്കുകയായിരുന്നെന്നും അരുണ്‍ മൊഴി നല്കി.
ശാഖ വീട്ടിന്റെ പുറത്തിറങ്ങുമ്പോള്‍ വൈദ്യുതാഘാതമേല്‍ക്കാനായി വയര്‍ വലിച്ചിരുന്നെന്നും അരുണ്‍ പറഞ്ഞു.
രണ്ടുമാസം മുന്‍പാണ് ശാഖയും അരുണും വിവാഹിതരായത്. ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. സ്വത്ത് തട്ടിയെടുക്കുകയായിരുന്നു വിവാഹത്തിലൂടെ അരുണിന്റെ ലക്ഷ്യമെന്ന് ശാഖയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. അരുണിന്റെ സ്വഭാവം ശരിയല്ല. പണത്തിന് വേണ്ടിയാണ് അരുണ്‍ വിവാഹം കഴിക്കുന്നതെന്ന് ശാഖ കുമാരിക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് സഹോദരഭാര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹദിവസം മുതല്‍ ഇരുവരും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നെന്ന് അയല്‍വാസികളും പറഞ്ഞു. വിവാഹഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടതിലും അരുണ്‍ പ്രകോപിതനായിരുന്നു.
അതേസമയം, ശാഖയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണം ഷോക്കേറ്റ് തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാഖയുടെ കൊവിഡ് പരിശോധന ഫലവും നെഗറ്റീവാണ്. ഇന്നലെ ഫോറന്‍സിക് സംഘവും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും, സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചിട്ടായിരിക്കും അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ശാഖ മരിച്ചു കിടന്നിരുന്ന സ്വീകരണ മുറിയിലും, ബെഡ് റൂമിലും രക്ത കറ കണ്ടെത്തിയിട്ടുണ്ട്.