‘ബിജെപിയുടെ റോള്‍ കേരളത്തില്‍ സിപിഐഎമ്മിന്’;കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കില്ലെന്നും കെപിഎ മജീദ്
കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നല്‍കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുസ്ലിംകളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി തന്റെ പ്രസ്താവനകളില്‍ തുടര്‍ച്ചയായി മുസ്ലിം ലീഗിനെ ഉന്നംവെക്കുന്ന ഘട്ടത്തിലാണ് പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയ മര്യാദകള്‍ പാലിക്കാതെ മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ഗെയില്‍ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കുകയും കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറയുകയും ചെയ്ത പാര്‍ട്ടിയില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്. കേരളത്തില്‍ ബിജെപിയുടെ റോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സിപിഐഎമ്മും മുഖ്യമന്ത്രിയും ലീഗിനെ ലക്ഷ്യമിടുന്നതിന്റെ ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളം അകറ്റി നിര്‍ത്തുന്ന എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും നാലു വോട്ടിന് വേണ്ടി കൂടെ നിര്‍ത്താന്‍ മടികാട്ടാത്ത സിപിഐഎമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മജീദ് കുറ്റപ്പെടുത്തി.
നാട്ടില്‍ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. എന്നാല്‍ കാഞ്ഞങ്ങാട് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കാന്‍ ആരു ശ്രമിച്ചാലും അത് കേരളത്തില്‍ വിലപ്പോകില്ലെന്നും മജീദ് വ്യക്തമാക്കി. കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കാന്തപുരം സുന്നികള്‍ ഉള്‍പ്പടെയുള്ള വിവിധ സമുദായ സംഘടനകള്‍ ലീഗിനെ രൂക്ഷ മായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മജീദിന്റെ പ്രതികരണം.
കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: മുസ്ലിംലീഗിന്റെ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ല. കാഞ്ഞങ്ങാട് സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോര്‍ട്ട് വന്ന ഉടന്‍ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടില്‍ സമാധാനവുമാണ് മുസ്ലിംലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്മാന് ഔഫിന്റെ വീട് സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണ്. അക്രമ രാഷ്ട്രീയം ലീഗിന്റെ നയമല്ല. അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കാന്‍ ആരു ശ്രമിച്ചാലും അത് കേരളത്തില്‍ വിലപ്പോകില്ല.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് മുസ്ലിംലീഗ് കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളം അകറ്റി നിര്‍ത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിര്‍ത്താന്‍ മടികാട്ടാത്ത സി.പി.എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വര്‍ഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി മുസ്ലിംലീഗിനെതിരെ തിരിഞ്ഞത്. ഗെയില്‍ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞ പാര്‍ട്ടിയില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നറിയാം. തങ്ങളെ പിന്തുണക്കാത്തവരെയെല്ലാം വര്‍ഗീയവാദികളും തീവ്രവാദികളുമാക്കി ബി.ജെ.പിയുടെ റോള്‍ കേരളത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ സി.പി.എമ്മാണ്. ലീഗിനെ ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നല്‍കിയിട്ടില്ലെന്ന് കൂടി ഓര്‍മപ്പെടുത്തുകയാണ്.