’90 ദിവസം മാത്രമെ അനൂപ് ജീവിച്ചിരിക്കൂവെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അതുപോലെ ചെയ്തു’; വെളിപ്പെടുത്തി പിതാവ് ആറുമുഖന്‍
പാലക്കാട് കുഴല്‍മന്ദം ദുരഭിമാന കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് ആറുമുഖന്‍. നേരത്തെ അനൂപിനെതിരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും തുടര്‍ന്ന് നല്കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ആറുമുഖന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ജോലിയിലാണെന്നായിരുന്നു എസ്ഐയുടെ മറുപടിയെന്ന് ആറുമുഖന്‍ വ്യക്തമാക്കി.
വിവാഹത്തിന് ശേഷം ഹരിതയുടെ അമ്മാവന് സുരേഷ് വീട്ടിലെത്തി അവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ആറുമുഖന്‍ പറഞ്ഞു. നാല് തവണ സുരേഷ് വീട്ടില്‍ വന്നിട്ടുണ്ടെന്നും ഒരു തവണ താന്‍ മടക്കി അയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിതയെ ഫോണില്‍ വിളിച്ച പിതാവ് പ്രഭുകുമാര്‍ 90 ദിവസം മാത്രമെ അനൂപ് ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തിയെന്നും അതുപോലെ തന്നെ അവര്‍ ചെയ്തെന്നും അറുമുഖന് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടെ ദുരഭിമാന കൊലയില്‍ പ്രഭുകുമാറിനെ ഇന്ന് രാവിലെയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. അമ്മാവന് സുരേഷിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച അനൂപിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെങ്കുറിശ്ശി സ്വദേശിയാണ് അനീഷ്. 27 വയസ്സായിരുന്നു. വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചായിരുന്നു സംഭവം.
ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്.
ദുരഭിമാനക്കൊലയിലേക്കാണ് സംഭവം വിരള് ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് മാസം മുന്‍പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന് പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.