‘കേരളത്തെ മതാധിഷ്ഠിത സംസ്ഥാനമാക്കാനുള്ള ഗൂഢപദ്ധതി’; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ കെ സുരേന്ദ്രന്
ലോക്സഭാ എംപി സ്ഥാനം രാജിവെപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. യുഡിഎഫിന്റെ നേതൃസ്ഥാനത്തെത്തി ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് കേരളത്തെ ഒരു മതാധിഷ്ഠിത സംസ്ഥാനമാക്കാനുള്ള ലീഗ് ശ്രമമാണിതെന്ന് കെ സുരേന്ദ്രന് ആരോപിച്ചു.
‘ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ട് യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണ്. കേരളത്തില്‍ യുഡിഎഫിന്റെ മുഴുവന്‍ തലപ്പത്തേക്കും വരാന്‍ ലീഗ് ശ്രമിക്കുകയാണ്. അതാണിപ്പോള്‍ കാണുന്നത്. അല്ലാതെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ നിന്ന് വന്നിട്ടിപ്പോള്‍ എന്തുണ്ടാക്കാനാണ്. ഇത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുസ്ലിം ലീഗിന് നേതൃത്വം ഏറ്റെടുക്കാനുള്ള ഒരു ഗൂഡപദ്ധതിയുടെ ഭാഗമാണ്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ ശക്തികളെകൂട്ട് പിടിച്ച് കേരളത്തെ ഒരു മതാധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്,’ കെ സുരേന്ദ്രന് കോഴിക്കോട്ട് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
‘കോണ്‍ഗ്രസ് ഇപ്പോള്‍ അടിമകളല്ലേ, ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുകയല്ലേ കോണ്‍ഗ്രസിന്? രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടെ കോണ്‍ഗ്രസിനെ ലീഗിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയില്ലേ,’ കെ സുരേന്ദ്രന് ചോദിച്ചു.
മത്സരം ലീഗിന്റെ ആഭ്യന്തര തീരുമാനം ആണെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ചെലവ് പാണക്കാട് തങ്ങള്‍ നല്‍കണമെന്നും കുഞ്ഞാലിക്കുട്ടിയുടേത് ജനങ്ങളെ കൊഞ്ഞനം കുത്തുന്ന സമീപനമാണെന്നും സുരേന്ദ്രന് പറഞ്ഞു.
‘ഒരു കൊല്ലം മുമ്പ് ലോക്സഭയിലേക്ക് മത്സരിച്ച് പോയിട്ട് തിരിച്ചു വീണ്ടും നിയമസഭയിലേക്ക് വരികയാണ്. ഈ തെരഞ്ഞെടുപ്പിന് ചെലവാര് വഹിക്കും. ലീഗ് വഹിക്കുമോ അതാണ് ഞങ്ങള്‍ ചോദിക്കുന്ന ചോദ്യം,’ കെ സുരേന്ദ്രന് പറഞ്ഞു
ഇന്ന് വൈകുന്നേരമാണ് എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.