നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മ കണ്ടെത്തി കിഫ്ബി; കൊച്ചി കാന്‍സര്‍ സെന്ററിലെ ആശുപത്രി സമുച്ചയ നിര്‍മ്മാണം രണ്ടാമതും നിര്‍ത്തിവെച്ചു
കൊച്ചി കാന്‍സര്‍ സെന്ററിലെ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണം വീണ്ടും നിര്‍ത്തിവെപ്പിച്ച് കിഫ്ബി. ഇക്കഴിഞ്ഞ നവംബര്‍ ആറിന് കിഫ്ബിയുടെ ടെക്നിക്കല്‍ ഇന്സ്പെക്ഷന് അതോറിറ്റി നടത്തിയ പരിശോധനയില്‍ നിര്‍മാണത്തിലെ കാലതാമസവും ഗുണനിലവാരത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാസട്ടിയാണ് കിഫ്ബിയുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചിരിക്കുന്നത്. നിര്‍വഹണ ഏജന്‍സിയായ (എസ്പിവി) ഇന്‍കെല്‍ ലിമിറ്റഡിന് നിര്‍മാണത്തിന്റെ വേഗം കൂട്ടാനും നിര്‍മാണത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ നല്കിയ ഉറപ്പുകളൊന്നും പാലിക്കാന്‍ ഇന്‍കെലിന് കഴിഞ്ഞിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കിഫ്ബി നടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇന്‍കെലും ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പും കിഫ്ബിയും തമ്മിലുളള ത്രികക്ഷി കരാറിലെ ഏഴും പതിനഞ്ചും നിബന്ധനകളുടെ ലംഘനമാണ് നിര്‍വഹണ ഏജന്‍സി എന്ന നിലയില്‍ ഇന്‍കെല്‍ നടത്തിയിരിക്കുന്നത്. അതിനാല്‍ ത്രികക്ഷി കരാറിലെ 12-ാം നിബന്ധന പ്രകാരം കിഫ്ബി സിഇഒയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് നിര്‍മ്മാണം ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ തുടക്കമായാണ് കിഫ്ബി നടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്.
അതേസമയം ടെക്നിക്കല്‍ ഇന്സ്പെക്ഷന് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പരിഹാര നടപടികള്‍ കൈക്കൊണ്ട് അത് അതോറിറ്റിയെ ബോധ്യപ്പെടുത്തിയതിന് ശേഷമേ ഇന്‍കെലിന് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയു. അതിനായി നിലവിലുള്ള കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്‍കും. കിഫ്ബിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തില്‍ നഷ്ട-ചെലവ് നിബന്ധനകള്‍ അനുസരിച്ച് മാത്രമാകും പുതിയ കരാര്‍ നല്‍കുക.
ഇതു രണ്ടാം തവണയാണ് കൊച്ചിന് കാന്‍സര്‍ സെന്ററിലെ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം കിഫ്ബി നിര്ത്തിവെയ്പ്പിക്കുന്നത്. കരാര്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 25 ന് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതിയാണിത്. എന്നാല്‍ വെറും 37 ശതമാനം പണികള്‍ മാത്രമേ ആ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നുള്ളു. 2019 നവംബറില്‍ ഇവിടെ നിര്‍മാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. ഈ അപകടത്തിന് മുന്നേ തന്നെ കിഫ്ബിയുടെ ടെക്നിക്കല്‍ ഇന്സ്പെക്ഷന് അതോറിറ്റി നിര്‍മ്മാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി തിരുത്തല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പൊതുമരാമത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളോ മാനദണ്ഡങ്ങളോ ഇന്‍കെലോ കരാറുകാരനോ പാലിച്ചിരുന്നില്ല.
കിഫ്ബി സ്റ്റോപ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ കെട്ടിടസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കിഫ്ബി സിഇഒ ഡോ. കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍കെലിന്റെ എംഡി, ജോയിന്റ് ജനറല്‍ മാനേജര്‍, സിസിആര്‍സി ഡയറക്ടര്‍, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം 2020 ഡിസംബര്‍ 18-ാം തീയതി കിഫ്ബി ആസ്ഥാനത്ത് നടന്നിരുന്നു.
കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പദ്ധതിയിയുടെ ഇപ്പോഴുള്ള പ്രശ്നങ്ങളില്‍ കിഫ്ബി സിഇഒ അതൃപ്തി പ്രകടിപ്പിക്കുകയും ഭരണവകുപ്പിനെയും എസ്പിവിയേയും ഡിസംബര്‍ മൂന്നിന് നല്കിയ നോട്ടീസിലെ തീരുമാനങ്ങള്‍ ആവര്‍ത്തിച്ച് അറിയിക്കുകയും ചെയ്തു.നിലവിലുള്ള പ്രശ്നങ്ങളെയും പദ്ധതിയുടെ അവസ്ഥയെയും കുറിച്ച് ഇന്‍കെല്‍ എംഡിയും, ജോയിന്റ് ജിഎമ്മും യോഗത്തില്‍ വിവരിച്ചിരുന്നു. ഗുണനിലവാരത്തിലും സമയക്രമത്തിലും വന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ആഭ്യന്തര സമിതിയെ നിയോഗിച്ചതായി ഇന്‍കെല്‍ എംഡി അറിയിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് കിഫ്ബിക്ക് സമര്‍പ്പിക്കുമെന്നും എംഡി പറഞ്ഞു.
യോഗത്തിലെ തീരുമാനങ്ങള്‍
1.നിലവിലുള്ള കരാറുകാരന് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന സാഹചര്യത്തില്‍,കിഫ്ബി നോ്ട്ടീസ് അനുസരിച്ച് നിലവിലുള്ള കരാര്‍ റദ്ദാക്കാനും പുതിയ കരാറിലേക്ക് എത്താനുമുള്ള നടപടികളുമായി ഇന്‍കെല്‍ മു്ന്നോട്ട് പോകണം.ബാധകമായ അപകടസാധ്യതയും ചെലവും ഉപാധികള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ഈ നടപടികള്‍ ഇന്‍കെല്‍ പൂര്‍ത്തിയാക്കേണ്ടത്
- ഷട്ടറിങ്ങും ബലപ്പെടുത്തലും ഉള്‍പ്പെടെ സ്ലാബിന്റെ അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ എസ്പിവി പൂര്‍ത്തിയാക്കണം
3.നിലവിലുള്ള കരാര്‍ റദ്ദാക്കുന്നതിനെയും റിസ്ക് ആന്‍ഡ് കോസ്റ്റ് ഉപാധികള്‍ ബാധകമാക്കുന്നതിനെയും തുടര്‍ന്ന് കരാറുകാരന് നല്‍കേണ്ടി വരുന്ന തുക നിലവിലുള്ള പ്രവര്‍ത്തികളില്‍ നിന്ന് ഈടാക്കാനും ബാക്കിയുള്ളത് ഇതേ കരാറുകാരന് നല്‍കിയിരിക്കുന്ന മറ്റു പ്രവര്‍ത്തികളില്‍ നിന്ന് കരാറിന്റെയും മാര്‍ഗരേഖകളുടെയും അടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കണം.
4.കാലതാമസം ഒഴിവാക്കുന്നതിനായി നിലവിലുള്ള കരാര്‍ റദ്ദാക്കുന്നതിന്റെയും അവശേഷിക്കുന്ന പ്രവര്‍ത്തികളുടെ ടെന്ഡറിങ്ങിന്റെയും നടപടി ക്രമങ്ങള്‍ ഒരുമിച്ച് നടത്തണം.ഇതിന്റെ പുരോഗതി അപ്പപ്പോള്‍ കിഫ്ബിയെ അറിയിക്കുകയും വേണം.
5.സിസിആര്‍സി ഡയറക്ടര്‍ ഡാ.മോനിയുടെ നിര്‍ദേശമനുസരിച്ച് പദ്ധതിയുടെ സുസ്ഥിരതാ വശം അടക്കമുള്ള കാര്യങ്ങളില്‍ ഒരു ഹോസ്പിറ്റല്‍ ആര്‍കിടെക്റ്റിന്റെ അഭിപ്രായം തേടുന്നത് പരിഗണിക്കും. ഇതിനായി ശ്രീ ശ്രീകണ്ഠന് നായര്‍ (മെമ്പര്‍ ടെക്നിക്കല്‍ കമ്മിറ്റി), ശ്രീ അനില്‍ കുമാര്‍ ( റെസിഡന്റ് എന്‍ജിനീയര്‍ ടിആര്‍സി), കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗം ചേരാനും തീരുമാനമായി.
6.നിലവിലുള്ള കരാര്‍ റദ്ദാക്കുന്നതിന്റെയും അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ റീടെന്‍ഡര്‍ ചെയ്യുന്നതിന്റെയും അവലോകന യോഗങ്ങള്‍ ഒരു മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടണം. പ്രശ്നങ്ങള്‍ പരിഹരിക്കും വരെ ഇത് തുടരാനാണ് നിര്‍ദ്ദേശം.