അഭയ കൊലക്കേസ്: പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, ശിക്ഷ നാളെ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാർ വിധിന്യായത്തിൽപറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
സിസ്റ്റർ അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസിൽ കോടതി വിധി പറഞ്ഞത്. ഒരു വർഷം മുൻപാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഏറ്റെടുത്തു.തുടക്കത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് തെളിവ് നശിപ്പിച്ചത് മുതല്‍ അഭയയുടെ ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകളാണ് സി.ബി.ഐയുടെ അന്വേഷണത്തില്‍ വഴിത്തിരിവായത്. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് നേരിൽ കണ്ട അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസില്‍ 49 പേരെയാണ് വിസ്തരിച്ചത്. വിചാരണ വേളയില്‍ പ്രോസിക്യൂഷന് സാക്ഷികളായ പത്തോളം പേര് കൂറുമാറിയത് സിബിഐക്ക് തിരിച്ചടിയായിരുന്നു.