തൊടുപുഴയിൽ കാഡ്സ് വില്ലേജ് സ്കൊയർ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും
തൊടുപുഴ: കേരളത്തിലാദ്യമായി കർഷകരുടെ സ്വന്തം വിപണിക്ക് തുടക്കം കുറിച്ച കാഡ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ കർഷക വിപണിക്ക് ഡിസംബർ 21ന് തിങ്കളാഴ്ച 10.00 മണിക്ക് തൊടുപുഴയിൽ തുടക്കം കുറിക്കുമെന്നു ചെയർമാൻ ആന്റണി കണ്ടിരിക്കൽ പത്ര സമ്മേളനത്തിൽ അറിയിച്ചു . . വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസിൽ 2.30 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കാഡ്സ് വില്ലേജ് സ്ക്വയർ ഒന്നാംഘട്ടം ആണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ എന്നിവയോടൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ എന്നിവയും സംഭരിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ജൈവ ഉൽപന്നങ്ങളുടെ സംഭരണത്തിന് മുൻഗണന നൽകും. കാർഷികോല്പന്നങ്ങളുടെ സംഭരണത്തോടൊപ്പം പ്രതിദിനം രണ്ട് ടൺ മരച്ചീനി സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്രാൻഡ് ചെയ്ത് നടീൽ വസ്തുക്കൾ ലഭിക്കുന്ന നഴ്സറി കളുടെ സൂപ്പർമാർക്കറ്റ്, ജൈവ നാടൻ പച്ചക്കറികൾ, നാടൻ പാൽ, മത്സ്യം, മാംസം എന്നിവയുടെ ശീതീകരിച്ച വിഭാഗം, സംസ്കരിച്ച നാടൻ വിഭവങ്ങൾ, ആഴ്ചയിൽ അഞ്ചു ദിവസവും കാർഷിക പരിശീലനത്തിനായി ട്രെയിനിങ് സെൻറർ, നൂറ് വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, പ്രഭാതസവാരിക്കും വ്യായാമത്തിനുമായി 400 മീറ്റർ ട്രാക്ക്, വിശ്രമത്തിനായി 27 ഞാറ്റുവേല തറകൾ, സായാഹ്നങ്ങളിൽ ഒത്തു ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുമായി ഓപ്പൺ എയർ സ്റ്റേജ്, മത്സ്യക്കുളം, കുട്ടികൾക്കായി മിനി പാർക്ക്, യോഗ സെൻറർ, അക്വേറിയം, അക്വാപോണിക്സ്, മെഡിക്കൽ ലാബ്, തേപ്പ് കട, തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്.
കാഡ്സ് വില്ലേജ് സ്ക്വയറിൻറെ ഉദ്ഘാടനം 21- ന് രാവിലെ പത്തുമണിക്ക് കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ശ്രീ. പി. ജെ. ജോസഫ് എം.എൽ.എ. നിർവഹിക്കും. കർഷക ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. -യും വിത്ത് ബാങ്കിൻറെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ.-യും കാർഷിക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശനും ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോക്ടർ സാബു തോമസും നിർവഹിക്കും. യോഗത്തിൽ വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിക്കും.
11.00 മണി മുതൽ ഏത്തക്ക ഫെസ്റ്റ് ആരംഭിക്കും. വിലയിടിവിൻ്റെ പശ്ചാത്തലത്തിൽ ഏത്തക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളെ കുറിച്ച് ആൻറണി സെബാസ്റ്റ്യൻ (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഏലിയാമ്മ ജോസഫ് (ജോയൽ ഫുഡ്സ്) എന്നിവർ ക്ലാസ് നയിക്കും.
11.30ന് കാഡ്സ് പി.സി.എൽ ഓഹരിയുടമകളുടെ യോഗം നടക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സീഡ് ബാങ്ക് അംഗങ്ങളുടെയും പച്ചക്കുടുക്ക കോ. ഓഡിനേറ്റേർസിൻ്റയും സംഗമവും, മൂന്നുമണിക്ക് പ്ലാവ് കൃഷിയെക്കുറിച്ചുള്ള സെമിനാറും, തിരിച്ചറിഞ്ഞ പ്രാവുകളുടെ വിതരണവും ഉണ്ടായിരിക്കും. covid-19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആയിരിക്കും ഉദ്ഘാടനവും തുടർ പരിപാടികളും നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്ര സമ്മേളനത്തിൽ
കെ.ജി. ആൻറണി കണ്ടിരിക്കൽ ചെയർമാൻ കാഡ്സ് പി.സി.എൽ
. പ്രൊ. ഡോ. കെ.ജെ. കുര്യൻ(CEO)
കെ.എം. മത്തച്ചൻ (ഡയറക്ടർ)
വി.പി. സുകുമാരൻ (ഡയറക്ടർ)
.റ്റെഡി ജോസ് (ഡയറക്ടർ)
. എം ഡി ഗോപിനാഥൻ നായർ(ഡയറക്ടർ) എന്നിവർ പങ്കെടുത്തു .