സഞ്ചാരികളുമായി സർവീസ് നടത്തുമ്പോൾ ബോട്ട് യാർഡിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് നിർബന്ധമാണ്. സർവീസ് നടത്തുന്ന ബോട്ടിനു തകരാറു സംഭവിച്ചാൽ ഇതിലുള്ളവരെ സുരക്ഷിതമായി കരയിലെത്തിക്കുന്നതിനാണിത്.എന്നാൽ, ഇവിടെ പകരം ബോട്ട് ഇല്ലാത്ത സാഹചര്യം ഗൗരവകരമാണെന്നു ബോധ്യമുള്ളതിനാൽ പൊലീസ് നടപടിക്കു മുൻപുതന്നെ അധികൃതർ മുൻകയ്യെടുത്തു സർവീസ് നിർത്തലാക്കിയിരിക്കുന്നു. ഇതെ തുടർന്നു ബോട്ട് കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്കു കൊണ്ടുപോയി. സർവീസ് നടത്തിയിരുന്ന ബോട്ട് ആനയിറങ്കൽ ജലാശയത്തിലേക്കു മാറ്റിയിട്ടുണ്ട്. തകരാറിലായ ബോട്ട് നന്നാക്കി ഇവിടെ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
പൊന്മുടിയിലെ ബോട്ട് സർവീസ് പ്രയോജനപ്പെടുത്താൻ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയിരുന്നത്. ഇതോടെ പദ്ധതി ലാഭത്തിലായി. എന്നാൽ, വേണ്ടത്ര ബോട്ടുകൾ ലഭിക്കാതെവന്നതും തകരാറിലായ ബോട്ട് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അധികൃതർ തയാറാകാതെ വന്നതുംമൂലം പദ്ധതി നഷ്ടത്തിലേക്കു കൂപ്പുകുത്തി.ഇതിനിടെയാണ് ഇപ്പോൾ ബോട്ടുകൾ ഇവിടെനിന്നു നീക്കംചെയ്തിട്ടുള്ളത്. കൊന്നത്തടി, രാജാക്കാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണു പൊന്മുടി ജലസംഭരണി. ഇതിൽ കൊന്നത്തടി പഞ്ചായത്തിന്റെ അധീനതയിലാണു ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നത്.പൊന്മുടിയിൽ ഡാംടോപ്പിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണു ബോട്ടിങ് യാഡിലേക്കുണ്ടായിരുന്നത്.
ഇവിടേക്കുള്ള ഗതാഗതം ദുഷ്കരമായതും അടിസ്ഥാനസൗകര്യ വികസനത്തിനു നടപടിയില്ലാതിരുന്നതും ബോട്ട് സർവീസ് നഷ്ടത്തിലാകാൻ കാരണമായെന്നാണു ജീവനക്കരുടെ വിലയിരുത്തൽ.ഇതിനിടെ ഡാംടോപ്പിനു സമീപത്തായി രാജാക്കാട് പഞ്ചായത്തിന്റെ ഭാഗമായി ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പൊന്മുടിയിൽ വൈദ്യുതി ബോർഡിന്റെ തകർന്നുകിടക്കുന്ന ക്വാർട്ടേഴ്സുകൾ ഇതിനായി പ്രയോജനപ്പെടുത്തുന്നതിനും ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പൂന്തോട്ടവും പാർക്കും നിർമിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവിടെ അഡ്വഞ്ചർ അക്കാദമി ആരംഭിക്കുന്നതിനുള്ള സർവേ ജോലികളും നടന്നുവരികയാണ്. ഇത്തരം സാഹചര്യത്തിൽ കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ ബോട്ട് സർവീസ് നിർത്തലാക്കുകയെന്ന ലക്ഷ്യമാണ് ഹൈഡൽ ടൂറിസം അധികൃതർക്കുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.