എസ് വി പ്രദീപിന്റെ മരണം:പ്രത്യേക സംഘം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ വാഹനത്തില്‍ ഇടിച്ചത് ടിപ്പര്‍ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു. തുടര്‍ന്ന് ലോറിയുടെ പിന് ചക്രങ്ങള്‍ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ലോറി ഇതുവരെ കണ്ടെത്താനായില്ല. പ്രദീപിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ മൊഴി എടുക്കാനാണ് പൊലീസ് നീക്കം.
വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികള്‍ നല്കിയ സൂചന. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയാണ്. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
സംഭവത്തില്‍ പ്രതികരണവുമായെത്തിയ രമേശ് ചെന്നിത്തല ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു