ആരോപണങ്ങൾ അന്തിചർച്ചയിൽ മാത്രം;സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമോ ? ചികിത്സ കഴിഞ്ഞ് പറയാമെന്ന്കോടിയേരി
തലശേരി: തദ്ദേശ തെരത്തെടുപ്പിൽ എൽഡിഎഫ് അനുകൂല തരംഗമാണുള്ളതെന്നും സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്നും മുൻ തൂക്കം ലഭിക്കാത്ത ജില്ല ഏതാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണൻ.
കോടിയേരി ജൂണിയർ ബേസിക് സ്കൂളിൽ ഭാര്യ വിനോദിനിയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ചികിത്സയിലാണ്, ചികിത്സ കഴിയട്ടെ, എന്നിട്ടു പറയാം എന്നായിരുന്നു കോടിയേരിയുടെ മറുപടി. പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയതിനു ശേഷം ആദ്യമായാണ് കോടിയേരി മാധ്യമ പ്രവർത്തകരോട് സംസാക്കുന്നത്.
ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി. കോവിഡ് കാലത്തു പട്ടിണിക്കിടാതെ രക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക.
സർക്കാരിനെതിരേയുളള ആരോപണങ്ങൾ അന്തിച്ചർച്ചയിലെ വിഷയം മാത്രമാണ്. ജമാ അത്തെ ഇസ്ലാമി ബന്ധം കോൺഗ്രസിൽ വലിയ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.
ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്. ഇടതുമുന്നണി സർക്കാരിനെ ഒറ്റപ്പെടുത്താൻ പ്രതിപക്ഷം എന്ത് കുതന്ത്രങ്ങൾ പ്രയോഗിച്ചാലും ജനങ്ങൾ അനുവദിക്കില്ല.
ഇടതുമുന്നണി ജയിക്കുമ്പോൾ കളളവോട്ട് എന്നത് സ്ഥിരമായി പറയുന്നതാണെന്നും കോടിയേരി തുടർന്നു പറഞ്ഞു.