കുത്തിവയ്പ്പ് ജനുവരിയിൽ, ഒക്റ്റോബറിൽ ഇന്ത്യ സാധാരണ ജീവിതത്തിൽ
പൂനെ: കൊവിഡ് 19നെതിരായ പ്രതിരോധ കുത്തിവയ്പ്പ് ജനുവരിയിൽ തുടങ്ങാനായേക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഈ മാസം അവസാനത്തോടെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കും. ഒക്റ്റോബറാകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും കുത്തിവയ്പ്പ് നൽകാനാകുമെന്നും ഇന്ത്യ സാധാരണ ജീവിതത്തിലേക്കു മടങ്ങുമെന്നും പൂനാവാല.
ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, വിപുലമായ ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ പിന്നെയും സമയമെടുക്കും. എങ്കിലും ജനുവരിയിൽ കുത്തിവയ്പ്പ് നൽകാനാകുമെന്നു കരുതുന്നു.
രാജ്യത്തെ 20 ശതമാനം പേർക്ക് കുത്തിവയ്പ്പ് നൽകാനായാൽ ആളുകളിൽ ആത്മവിശ്വാസം തിരികെവരും. സെപ്റ്റംബർ ഒക്റ്റോബർ മാസങ്ങളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാകുമെന്നും അതോടെ രാജ്യം കൊവിഡിനു മുൻപുള്ള ജീവിതത്തിലേക്കു തിരികെയെത്തുമെന്നും പൂനാവാല.
ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്ര സെനേകയും സീറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വികസിപ്പിക്കുന്ന കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗ ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അടിയന്തര ഉപയോഗാനുമതി തേടിയിട്ടുണ്ട്.
എന്നാൽ, ഇരുവാക്സിനുകളുടെയും സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദഗ്ധ സമിതിക്കു സമർപ്പിക്കാനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദേശം. രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളുടെ ഏറ്റവും പുതിയ രേഖകൾ, യുകെയിലും ഇന്ത്യയിലും നടത്തിയ പരീക്ഷണങ്ങളിലെ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ, യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ വിലയിരുത്തൽ എന്നിവ നൽകാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളിലെ ഇടക്കാല രേഖകളാണു സമർപ്പിച്ചിരുന്നത്. ജൂലൈ ആകുമ്പോഴേക്കും 30-40 കോടി ഡോസുകൾ നൽകാനാണു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പൂനാവാല. സർക്കാരിനൊപ്പം സ്വകാര്യ വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നും പൂനാവാല അറിയിച്ചു.