നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് ഇന്ന് മുതല്‍ അല്‍ഹസ്സയിലും പ്രവര്‍ത്തനം ആരംഭിയ്ക്കുന്നു
ഹസ്സ: നവയുഗം സാംസ്കാരിക വേദി നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക്, ദമ്മാം, അല്‍ കോബാര്‍ എന്നിവയ്ക്ക് പുറമെ അല്‍ഹസ്സയിലും പ്രവര്‍ത്തനം ആരംഭിയ്ക്കുന്നു. ഇന്ന് ഷുഖൈഖ് ഫാമിലെ ഹാളില്‍, വൈകിട്ട് അഞ്ചു മണിയ്ക്ക്, മുന്‍കേരള റവന്യൂ മന്ത്രിയും, സി.പി.ഐ ദേശീയനേതാവുമായ കെ.ഇ.ഇസ്മായില്‍, നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്യും.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, സൗദി അറേബ്യയിലെ മലയാളികളായ പ്രവാസികള്‍ക്ക്, നോര്‍ക്ക പ്രവാസി അംഗത്വകാര്‍ഡും, കേരള പ്രവാസി ക്ഷേമനിധി അംഗത്വവും നേടി കൊടുക്കുന്നതിനായി നവയുഗം സാംസ്കാരികവേദി, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് സേവനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ ദമ്മാമിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ എല്ലാ ചൊവ്വാഴ്ച വൈകിട്ടും, അല്‍ഖോബാറിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ എല്ലാ തിങ്കളാഴ്ച വൈകിട്ടും, നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിച്ചു വരുന്നു.
നോര്‍ക്ക പ്രവാസി അംഗത്വകാര്ഡിനും, കേരള പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ഉള്ള അപേക്ഷകള്‍ സ്വീകരിയ്ക്കുക, അപേക്ഷകള്‍ നോര്‍ക്കയില്‍ സമര്‍പ്പിച്ച്, അവിടെ നിന്നും അംഗീകാരം ലഭിച്ച പുതിയ പ്രവാസി കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് വിതരണം ചെയ്യുക, നോര്‍ക്കയുടെ വിവിധ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നീ സേവനങ്ങള്‍, നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി, മുടങ്ങാതെ നടത്തി വരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് നവയുഗത്തിന്റെ സഹായത്തോടെ നോര്‍ക്ക പ്രവാസി അംഗത്വ കാര്‍ഡും, പ്രവാസി ക്ഷേമനിധി അംഗത്വവും നേടിയിട്ടുള്ളത്.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍ഹസ്സയിലെ പ്രവാസികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്, ഇപ്പോള്‍ ഷുഖൈഖ് ഫാമിലെ ഹാളിലും, പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് അഞ്ച് മണി മുതല്‍ എട്ടു മണി വരെയാണ് അല്‍ ഹസ്സ നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനസമയം. എല്ലാ പ്രവാസികളും ദമ്മാമിലും, അല്‍ കോബാറിലും, അല്‍ ഹസ്സയിലും ഉള്ള നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്, നവയുഗം അല്‍ഹസ്സ ഭാരവാഹികളായ ഹുസൈന് കുന്നിക്കോട്, രാജീവ് ചവറ, ഇ.എ.റഹിം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0539055144, 0502077662, 0502821458, 0506984469 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.