‘യെസ് ഓര് നോ, അമിത് ഷാ പറയേണ്ടത് അത്രമാത്രം’; വിട്ടുകൊടുക്കാതെ കര്‍ഷകര്‍
ന്യൂഡല്‍ഹി: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ക്ക് അറിയേണ്ടത് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാണോ അല്ലയോ എന്ന് മാത്രമാണെന്ന് കര്‍ഷക നേതാക്കള്‍. അമിത് ഷായുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് ഒരുങ്ങവെയാണ് പ്രതികരണം. തങ്ങള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് പൂര്‍ണമായും വിജയമായിരുന്നെന്നും 25 സംസ്ഥാനങ്ങളിലും അത് ബന്ദ് നടപ്പാക്കിയെന്നും കര്‍ഷന നേതാക്കള്‍ അറിയിച്ചു.
ഒരു സംഘം കര്‍ഷക നേതാക്കളാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. നാളെ നടത്താനിരുന്ന യോഗം ഇന്ന് വൈകീട്ട് നടത്താമെന്ന് അമിത് ഷാ കര്‍ഷക നേതാക്കളെ അറിയിക്കുകയായിരുന്നു.
‘ഇനി സന്ധിചര്ച്ചകളൊന്നുമില്ല. ഞങ്ങള്‍ക്ക് ആകെ വേണ്ടത് യെസ് ഓര് നോ ആണ്’, കര്‍ഷക നേതാവ് രുദ്രു സിങ് മാന്‍സ പറഞ്ഞു. ഭാരത് ബന്ദിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുഖമടിച്ച് വീണെന്നും അവര്‍ പറഞ്ഞു. മറ്റ് വഴികളൊന്നും വിലപ്പോവില്ലെന്ന് കേന്ദ്രത്തിന് മനസിലായെന്നാണ് മറ്റൊരു നേതാവായ ഗുര്‍നാം സിങ് ചധുണി പറയുന്നത്.
പരാജയപ്പെട്ട അഞ്ച് ഘട്ട ചര്‍ച്ചകള്‍ക്ക്് ശേഷമാണ് ആറാമതും കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്. അഞ്ചാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഡിസംബര്‍ ഒമ്പതിന് അടുത്ത ചര്‍ച്ച നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ ഇന്ന് വൈകീട്ട് തന്നെ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ അറിയിക്കുകയായിരുന്നു.
‘യോഗം ചേരാമെന്ന് അമിത് ഷാ അറിയിച്ചെന്ന് എനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചു. ഏഴുമണിക്കാണ് ചര്‍ച്ച’, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹിക്ക് സമീപത്ത് ഹൈവേകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കള്ക്കൊപ്പമാവും യോഗത്തില്‍ പങ്കെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
രാജ്യവ്യാപകമായി കര്‍ഷകര്‍ ഭാരത് ബന്ദ് സംഘടിപ്പിച്ചതിന്റെയും ബന്ദ് ശക്തമായതിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. റെയില്‍ ഗതാഗതമടക്കം തടസപ്പെടുത്തിയാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബന്ദ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിലാണ് കേരളം ബന്ദില്‍നിന്നും വിട്ടുനിന്നത്.