വിഎസ് അച്യുതാനന്ദനും എകെ ആന്റണിയും ഇത്തവണ വോട്ടിനില്ല
മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്കരണ ചെയര്‍മാനുമായ വിഎസ് അച്യൂതാനന്ദന് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ ആലപ്പുഴയിലേക്കില്ല. പ്രായാധിക്യം മൂലമാണ് വിഎസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ശാരീരിക പ്രശ്നങ്ങള്‍ കാരണമാണ് വിഎസ് അച്യൂതാനന്ദന് യാത്ര ഒഴിവാക്കിയത്. ഇത് ആദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും വിഎസ് വിട്ടു നില്‍ക്കുന്നത്.
വിഎസ് അച്യൂതാനന്ദന് പുറമേ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ്-19 ന് ശേഷമുള്ള അനാരോഗ്യം കാരണമാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കൊവിഡ് മുക്തനായെങ്കില്‍ എകെ ആന്റണി ഡല്‍ഹിയില്‍ വിശ്രമത്തിലാണ്.
അതേസമയം ഇടതു നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി, സി ദിവാകരന്, മന്ത്രി കടംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് നേതാക്കളായ എംഎം ഹസന്, വിഎം സുധീരന്, കെ മുരളീധരന്, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, ഒ രാജഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തും.
അഞ്ച് ജില്ലകളിലാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ആദ്യഘട്ടത്തില്‍ വോട്ടിനൊരുങ്ങുന്നത്. കാല്‍ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിക്കുന്നത്. കൊവിഡിനെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വോട്ടിംഗ് സമയം വൈകിട്ട് ആറുമണിവരെയാക്കിയിട്ടുണ്ട്..
അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളാണുള്ളത്. 24, 584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ജനവിധികുറിക്കാന് പോളിംഗ് ബൂത്തിലെത്തുക 61 ട്രാന്‍സ്ജന്‍ഡേഴ്സ് ഉള്‍പ്പെടെ 88, 26, 873 വോട്ടര്‍മാരാണ്. ഇതില്‍ 46, 68, 267 സ്ത്രീകളും 41, 58, 395 പുരുഷന്മാരുമുണ്ട്. 150 പ്രവാസി വോട്ടര്‍മാരും ജനവിധി രേഖപ്പെടുത്തും. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുക 42, 530 പേരാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയിലാണ്, 28, 38, 077 വോട്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് 11, 225 പോളിംഗ് സ്റ്റേഷനുകളാണ്. നഗരമേഖലയില്‍ 1697 ഉം ഗ്രാമീണ മേഖലയില്‍ 9528 ഉം 56,122 ഉദ്യോഗസ്ഥരെ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.