പ്രതിരോധത്തിന് ആക്രമണവുമായി ബിജെപി, തിരിച്ചടിച്ച് പ്രതിപക്ഷ നേതാക്കൾ
# പ്രത്യേക ലേഖകൻ
കൃഷി മന്ത്രിയായിരുന്നപ്പോൾ ശരദ് പവാർ കാർഷികോത്പന്ന വിപണന സമിതി (എപിഎംസി) നിയമം പിൻവലിച്ച് കാർഷിക വിപണി സ്വതന്ത്രമാക്കാൻ ശ്രമിച്ചിരുന്നു. കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായി കേന്ദ്ര കൃഷി മന്ത്രിയായിരുന്നപ്പോൾ ശരദ് പവാർ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു
ന്യൂഡൽഹി, മുംബൈ: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനു പ്രതിപക്ഷം നൽകുന്ന പിന്തുണ രാഷ്ട്രീയമായി തിരിച്ചടിയാകുന്നതു പ്രതിരോധിക്കാൻ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകളെ ആക്രമിച്ച് ബിജെപി നേതാക്കൾ. പാർട്ടി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന- ദേശീയ നേതാക്കളും ഒരേസ്വരത്തിലാണു പ്രതിപക്ഷം ഇരട്ടത്താപ്പു കാണിക്കുന്നതായി ആരോപിക്കുന്നത്. യുപിഎ സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന എൻസിപി അധ്യക്ഷൻ ശരദ് പവാർ അന്നു സ്വീകരിച്ച നിലപാടുകൾ ഇന്നു കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയങ്ങൾക്ക് അനുസൃതമാണെന്ന് അവർ വിശദീകരിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻപ് ഇതേ നിലപാടാണു സ്വീകരിച്ചിരുന്നത്. ഭരണം വിട്ട് പ്രതിപക്ഷത്തായപ്പോൾ രാഷ്ട്രീയ ലക്ഷ്യം മാത്രം നോക്കി അവർ വിരുദ്ധ നിലപാടു സ്വീകരിക്കുന്നു എന്നാണ് ആരോപണം.
കൃഷി മന്ത്രിയായിരുന്നപ്പോൾ ശരദ് പവാർ കാർഷികോത്പന്ന വിപണന സമിതി (എപിഎംസി) നിയമം പിൻവലിച്ച് കാർഷിക വിപണി സ്വതന്ത്രമാക്കാൻ ശ്രമിച്ചിരുന്നു. കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായി കേന്ദ്ര കൃഷി മന്ത്രിയായിരുന്നപ്പോൾ ശരദ് പവാർ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു. ആറു മാസത്തിനകം എപിഎംസി നിയമം റദ്ദാക്കുമെന്ന് 2005ൽ തന്നെ ശരദ് പവാർ പറഞ്ഞിരുന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും എപിഎംസി ലിസ്റ്റിൽ നിന്നു മാറ്റി സ്വതന്ത്ര വിപണി അനുവദിക്കാൻ 2013ൽ രാഹൽ ഗാന്ധി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാർക്കു നിർദേശം നൽകിയിരുന്നെന്നും ബിജെപി പറയുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിലും അതുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. കർഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരേ നാളെ പവാർ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണാനിരിക്കെയാണ് അദ്ദേഹത്തിനെതിരേ ആരോപണങ്ങളുമായി ബിജെപി രംഗത്തുവരുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവരും പ്രതിപക്ഷത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. തെലങ്കാനയിൽ ടിആർഎസ് കർഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചതിലും ഇതേ ഇരട്ടത്താപ്പാണെന്ന് അവിടുത്തെ ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് കർഷക സംഘടനകൾ നിലപാടെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയമായി ഇത് ആയുധമാക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിനു നല്ലമാർഗം ആക്രമണമെന്ന മട്ടിൽ ബിജെപി നേതാക്കൾ രംഗത്തുവന്നിട്ടുള്ളത്.
എന്നാൽ, ഇതിനെതിരേ തിരിച്ചടിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്തുവരുന്നുണ്ട്. പവാറിന്റെ നേരത്തേയുള്ള കത്ത് ബിജെപി പ്രചരിപ്പിക്കുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എൻസിപി തിരിച്ചടിച്ചു. പവാർ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ തീരുമാനങ്ങൾ എടുക്കാറുള്ളൂ. ഒരു തീരുമാനവും സംസ്ഥാനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാറില്ല- എൻസിപി വക്താവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ നവാബ് മാലിക് മുംബൈയിൽ പറഞ്ഞു. ""2003ൽ വാജ്പേയി സർക്കാർ കൊണ്ടുവന്ന എപിഎംസി നിയമത്തിന്റെ മോഡലിനോട് നിരവധി സംസ്ഥാനങ്ങൾക്കു യോജിപ്പുണ്ടായിരുന്നില്ല. 2004ൽ പവാർ കേന്ദ്ര കൃഷി മന്ത്രിയായപ്പോൾ അഭിപ്രായ സമന്വയമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. സംസ്ഥാന കാർഷിക മാർക്കറ്റിങ് ബോർഡുകളിൽ നിന്നു നിർദേശങ്ങൾ ക്ഷണിച്ചു'- ഇതാണു സംഭവിച്ചതെന്ന് എന്സിപി വിശദീകരിക്കുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളെക്കുറിച്ച് തെറ്റായ ധാരണ ജനങ്ങളിലുണ്ടാക്കാനാണു ശ്രമം. ഈ നീക്കം ബിജെപി അവസാനിപ്പിക്കണമെന്നും യെച്ചൂരി. കാർഷിക മേഖലയിലെ കോർപ്പറേറ്റ് വത്കരണത്തെയാണു കർഷകർ എതിർക്കുന്നത്. അതിൽ കാര്യമുണ്ടെന്ന് പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ധാർഷ്ട്യമാണു കാണിക്കുന്നതെന്ന് വെസ്റ്റ് മിഡ്നാപ്പുരിൽ റാലിയിൽ സംസാരിക്കവേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ കുറ്റപ്പെടുത്തി. കർഷകരുടെ ദയനീയാവസ്ഥയിൽ കേന്ദ്ര സർക്കാരിനു അലിവു തോന്നുന്നില്ലെന്നും മമത.