തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യമണിക്കൂറിൽ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 6.98 ശതമാനവും കൊല്ലം ജില്ലയിൽ 7.68 ശതമാനവും പത്തനംതിട്ട ജില്ലയിൽ 8.16 ശതമാനവും ആലപ്പുഴ ജില്ലയിൽ 7.92 ശതമാനവും ഇടുക്കി ജില്ലയിൽ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം പേട്ടയിലെ മോക് പോളിംഗിനിടെ മൂന്നു ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി.
ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാർഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്.
ആകെ 88,26,620 വോട്ടർമാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതിൽ 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.