പാര്‍ലമെന്റ് മന്ദിര നിര്‍മാണം തടഞ്ഞ് സുപ്രീം കോടതി; ‘മഹാമാരിക്കിടയില്‍ ഇത്ര തിരക്ക് കാണിക്കുമെന്ന് കരുതിയില്ല’
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനുള്ള സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിനെതിരെ ഹരജികള്‍ നിലനില്‍ക്കെ പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. ഡിസംബര്‍ പത്തിന് ശിലാസ്ഥാപനം നടത്താന്‍ കോടതി അനുമതി നല്‍കിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായി ഒരു നിര്‍മാണവും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
‘ മഹാമാരിക്കിടയില്‍ ഇത്ര തിരക്ക് പിടിച്ച് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുമെന്ന് കോടതി കരുതിയില്ല,’ കോടതി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളുമായി മുന്നോട്ട് പോകാമെങ്കിലും സ്ഥലത്ത് ഒരു നിര്‍മാണമോ പൊളിച്ചു മാറ്റലോ, മരങ്ങള്‍ മുറിച്ചു മാറ്റലോ ഇപ്പോള്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.
ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന് വരെയുള്ള മൂന്ന് കിലോ മീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. 971 കോടി രൂപ ചെലവു വരുന്ന നിര്‍മാണത്തിനെതിരെ പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഇത്തരമൊരു പദ്ധതി അനുചിതമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം.
ഡിസംബര്‍ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ശിലാ സ്ഥാപനം നടത്തുക. പുതിയ പാര്‍ലമെന്റ് വരുന്നതോടെ ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം ചരിത്ര സ്മാരകമായി സൂക്ഷിക്കും.
2022 ല്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടം ഇവിടെ ഉണ്ടാവും. നിലവില്‍ ലോക്സഭയി 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്. ഭാവിയിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ് ഇത്രയധികം സീറ്റുകള്‍ ഒരുക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡാണ് 861.9 കോടി രൂപയ്ക്ക് പാര്‍ലമെന്റ് മന്ദിര നിര്മആണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.