കര്‍ഷകരുടെയും കേന്ദ്രത്തിന്റെയും അഞ്ചാം ചര്‍ച്ചയും പരാജയം; ഇറങ്ങിപ്പോകുമെന്ന് കര്‍ഷകര്‍, ഡിസംബര്‍ ഒമ്പതിന് വീണ്ടും യോഗം വിളിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്നും പിന്മാറാന് കര്‍ഷക പ്രതിനിധികള്‍ തയ്യാറായില്ല. കര്‍ഷകരുമായി ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ചവ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്തിമമായ പരിഹാരമോ തീരുമാനമോ ആണ് ആവശ്യമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചുപറഞ്ഞു. ഇനി കൂടുതല്‍ ചര്‍ച്ചകള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് തീരുമാനിച്ചിരിക്കുന്നതെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും കര്‍ഷകര്‍ അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുമെന്ന് കര്‍ഷകരുടെ പ്രിനിധികള്‍ യോഗത്തിനിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നും പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് ചര്‍ച്ച വീണ്ടും പുരോഗമിച്ചത്. ഡല്‍ഹി വിജ്ഞാന് ഭവനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ തൊമാറും പിയൂഷ് ഗോയലും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്നും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. ‘നിയമം പിന്‍വലിക്കുകയാണ് ഞങ്ങള്‍ക്ക് വേണ്ടത്. നിയമത്തിന്മേല് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല’, ഒരു കര്‍ഷക പ്രതിനിധി പറഞ്ഞു.
നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമാര്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീട്ടില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ഷക സംഘടനങ്ങളുമായി അഞ്ചാം ഘട്ട ചര്‍ച്ച തുടങ്ങുന്നതിന് മുമ്പായിരുന്നു നിര്‍ണായക യോഗം.
കര്‍ഷകരുമായി ഈയാഴ്ച്ച നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. വിളകളുടെ താങ്ങുവിലയില്‍ ഉറപ്പുനല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും വിശ്വാസത്തിലെടുക്കാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ല. ഡല്‍ഹിയുടെ അതിര്‍ത്തികളിലും തലസ്ഥാനത്തുമായി നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയില്‍ കര്‍ഷക നേതാക്കള്‍ നിയമത്തിലെ 39 വീഴ്ച്ചകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. താങ്ങുവിലയുടെ കാര്യത്തില്‍ പറയുന്ന ഉറപ്പ് എഴുതി നല്‍കണമെന്നും നിയമത്തില്‍ ചെറിയ മാറ്റങ്ങള്‍ പോരായെന്നുമാണ് നിലപാട്.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസംബര്‍ എട്ടിന് രാജ്യാവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും രാജ്യത്താകമാനമുള്ള ഹൈവേ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭ രംഗത്ത് ഇതുവരെ മൂന്ന് കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. കടുത്ത ശൈത്യത്തെ അവഗണിച്ചാണ് ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം തുടരുന്നത്.