ബുറേവി: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തെരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ളവരെ മാറ്റിപാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവന് നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേര്‍ന്നതായി മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കും. വിവിധ സേനകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ മാറ്റാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യസന്നദ്ധ സേനാ വളണ്ടിയര്‍മാരെ ഉള്‍പ്പെടെ സജ്ജമാക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ യോഗം ജില്ലാതലത്തില്‍ ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിലവിലുള്ള മന്ത്രിമാര്‍ തന്നെ ചുമതല വഹിക്കും. ജില്ലാ കലക്ടര്‍മാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരെ സഹായിക്കാന്‍ സെക്രട്ടറിമാരെ നല്‍കും. ഏകോപനച്ചുമതല ഇവര്‍ക്കായിരിക്കും. തിരുവനന്തപുരം- ഷര്‍മിള മേരി ജോസഫ്, കൊല്ലം- എ ഷാജഹാന്, പത്തനംതിട്ട- ബിജു പ്രഭാകര്‍, ആലപ്പുഴ- മിനി ആന്റണി, കോട്ടയം- സഞ്ജയ് കൗള്‍, ഇടുക്കി- സൗരവ് ജയിന്, എറണാകുളം- പ്രണബ് ജ്യോതിനാഥ് എന്നിവര്‍ക്കായിരിക്കും ചുമതല. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. മാധ്യമങ്ങളിലൂടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും.
ജില്ലകളില്‍ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഏകോപനം ഉണ്ടാകും. വൈദ്യുതി, ജലസേചന വകുപ്പുകള്‍ കൂട്ടായി നീങ്ങും. ശുദ്ധജലവിതരണം തടസ്സമില്ലാതെ നീങ്ങും. അപകടകരമായ സ്ഥിതിയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. കോവിഡ് കാലമായതിനാല്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും മഴയുംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍വഹിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.