ആഴ്ചയിൽ മൂന്നര മണിക്കൂറെങ്കിലും വ്യായാമം; കൊവിഡിനെ നേരിടാൻ പുതിയ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന
കൊവിഡ് പകർച്ചവ്യാധിക്കിടയിൽ ആരോഗ്യസംരക്ഷണത്തിന് പുതിയ മാർഗ്ഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയായവർക്കായുള്ള വ്യായാമ മാർഗ്ഗ നിർദേശങ്ങൾ ഡബ്ള്യുഎച്ഒ പുറപ്പെടുവിച്ചത്. ഈ വ്യായാമ ശീലങ്ങൾ കൃത്യമായി പിന്തുടർന്നാൽ കൊവിഡിനെ നേരിടാനുള്ള പ്രതിരോധശേഷി വർധിപ്പിക്കാനാകും എന്നാണ് സംഘടനയുടെ കണ്ടെത്തൽ.
മുതിർന്ന ഓരോ വ്യക്തിയും ആഴ്ചയിൽ 150 മിനിറ്റ് അഥവാ മൂന്നര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് പുതിയ നിർദ്ദേശത്തിൽ ഉള്ളത്. നിലവിലെ നിർബന്ധിത അലസജീവിത രീതികൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ നിന്നും ആരോഗ്യം തിരികെ പിടിക്കാൻ ഏത് പ്രായക്കാർക്കിടയിലും വ്യായാമം ഒഴിവാക്കാനാകാത്തതും പ്രാധാന്യമേറിയതുമായ ഘടകമാണെന്ന് സംഘടന സൂചിപ്പിച്ചു.
ശാരീരിക ക്ഷമത കുറഞ്ഞവരും, അംഗപരിമിതരും വ്യായാമത്തിൽ നിന്നും ഒഴിഞ്ഞു മാറരുതെന്നും സംഘടന നിർദേശിക്കുന്നുണ്ട്. യുവാക്കളും കുട്ടികളും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവെക്കണമെന്നും, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ കുറഞ്ഞത് മൂന്നരമണിക്കൂർ എങ്കിലും വ്യായാമത്തിൽ ഏർപ്പെടണമെന്നും സംഘടന കർശനമായി നിർദ്ദേശിക്കുന്നു. മാരകമായ വൈറസിനെ നേരിടാനും കീഴടക്കാനും ശാരീരികമായി ഇത് നമ്മളെ പ്രാപ്തരാക്കും എന്നാണ് ഈ നിർദേശങ്ങൾക്ക് പിന്നിൽ.
വ്യായാമരഹിതമായ ജീവിത ശൈലിയുടെ ഭാഗമായി ലോകത്താകമാനം അഞ്ചു ദശലക്ഷത്തോളം പേരാണ് മരണപ്പെടുന്നതെന്നു സൂചിപ്പിച്ച ഡബ്ള്യുഎച്ഒ ഗർഭിണികൾക്കും വ്യായാമ മുറകൾ നിർദേശിക്കുന്നുണ്ട്. 65 വയസ്സിനു മുകളിലുള്ളവർ ശരീരത്തിന്റെ ബാലൻസ്, ഏകോപനം, പേശികളെ ശക്തിപ്പെടുത്തൽ തുടങ്ങിയവക്ക് സഹായിക്കുന്ന വ്യായാമമുറകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം സംഘടനാ നിർദ്ദേശിക്കുന്നു.
ശാരീരികമായി സജീവമായിരിക്കുന്നത് ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്. ഇത് നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ വർഷങ്ങളെ ചേർക്കാനും, വർഷങ്ങൾക്ക് ജീവൻ കൊടുക്കാനും സഹായിക്കും. എല്ലാ ദിവസവും സുരക്ഷിതമായും ക്രിയാത്മകമായും മുന്നോട്ട് നീങ്ങുക എന്നത് ഈ സാഹചര്യത്തിൽ, വളരെയധികം പ്രസക്തമാണ് ”, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവിച്ചു.