ധനമന്ത്രി രാജിവെച്ചൊഴിയേണ്ട സമയമാണിത്’; തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ്
ധനമന്ത്രി തോമസ് ഐസക്ക് രാജിവെച്ചൊഴിയേണ്ട സമയം വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്ക് അവകാശ ലംഘനം നടത്തി എന്ന് കാട്ടി വിഡി സതീശന് എംഎല്‍എ നല്കിയ പരാതി എത്തിക്സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വിഡി സതീശന് സ്പീക്കര്‍ക്കയച്ച നോട്ടീസ് എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരിക്കുന്നതിലൂടെ പ്രഥമ ദൃഷ്ട്യ ഐസക്കിനെതിരെ വന്നിരിക്കുന്ന ആരോപണം സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ ഇന്നലെ ധനമന്ത്രിയെ വിളിച്ചിരുന്നുവെന്നും അതിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പട്ടു.
പ്രഥമ ദൃഷ്ട്യ കുറ്റം ചെയ്തൊരു മന്ത്രിക്ക് എങ്ങനെ ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്തിക്ക് ധനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ധനമന്ത്രി ചെയ്തിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന് ഉന്നയിച്ച പരാതി ഗൗരവപ്പെട്ടതാണെന്നും ഇത് കേവലം ഒരു അവകാശ ലംഘന പ്രശ്നം മാത്രമായി കാണാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രണ്ടുവശവും പരിശോധിച്ച് എത്തിക്സ് കമ്മറ്റി അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന തീരുമാനമെടുത്തതെന്നായിരുന്നു വിഷയത്തില്‍ സ്പീക്കറുടെ പ്രതികരണം.
നിയമസഭയുടെയും നിയമസഭാംഗങ്ങളുടെയും അവകാശങ്ങള്‍ പരിപാവനമാണ്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. നിയമസഭയുടെ അവകാശത്തിന്മേല് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തിുല് നടപടിയുണ്ടാവും. അതേസമയം, മന്ത്രിയുടെ വിശദീകരണത്തിലും ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
നിയമസഭയുടെ പരിഗണനയില്‍ ഇരിക്കുന്ന പ്രസിദ്ധപ്പെടുത്താത്ത ഒരു രേഖയെ മുന്‍നിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില നടപടികള്‍ എടുത്തതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എം സ്വരാജ് നല്കിയ പരാതിയും തന്റെ മുന്നിലുണ്ട്. ഈ വിഷയങ്ങളിലെല്ലാം അന്തിമമായ ഒരു തീര്പ്പുണ്ടാവാണ് സതീശന്റെ പരാതി എത്തിക്സ് കമ്മറ്റിക്ക് വിട്ടതെന്നും ശ്രീരാമകൃഷ്്ണന് പറഞ്ഞു.
കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന് എംഎല്‍എയുടെ അവകാശ ലംഘന പരാതിയാണ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് വിട്ടത്. പരാതി എത്തിക്സ് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കറുടെ തീരുമാനം തോമസ് ഐസകിന് കനത്ത തിരിച്ചടിയാണ്. എത്തിക്സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് വിടുന്നത്. തുടര്‍ നടപടിയായി എത്തിക്സ് കമ്മറ്റി ഐസക്കിനെ വിളിച്ചുവരുത്തി വിശദീകരണം തേടും.