ഐസക്കിനെതിരായ പരാതിയിലും വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍; ‘ഇനി എത്തിക്സ് കമ്മറ്റി തീരുമാനിക്കട്ടെ’
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന വിഷയത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടതുകൊണ്ടാണ് വിഡി സതീശന്റെ നോട്ടീസ് എത്തിക്സ് കമ്മറ്റിക്ക് വിട്ടതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. നോട്ടീസ് നല്കിയ അംഗം ഉന്നയിച്ച പരാതി ഗൗരവപ്പെട്ടതാണ്. എന്നാല്‍ അതിന് മറുപടി നല്കിയ മന്ത്രി മുന്നോട്ടുവെച്ച നിലപാടും അടിസ്ഥാന സ്വഭാവമുള്ളതാണ്. ഇത് കേവലം ഒരു അവകാശ ലംഘന പ്രശ്നം മാത്രമായി കാണാന്‍ കഴിയില്ല. രണ്ടുവശവും പരിശോധിച്ച് എത്തിക്സ് കമ്മറ്റി അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സ്പീക്കര്ഡ എന്ന നിലയില്‍ എന്റെ തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയുടെയും നിയമസഭാംഗങ്ങളുടെയും അവകാശങ്ങള്‍ പരിപാവനമാണ്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. നിയമസഭയുടെ അവകാശത്തിന്മേല് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തിുല് നടപടിയുണ്ടാവും. അതേസമയം, മന്ത്രിയുടെ വിശദീകരണത്തിലും ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
നിയമസഭയുടെ പരിഗണനയില്‍ ഇരിക്കുന്ന പ്രസിദ്ധപ്പെടുത്താത്ത ഒരു രേഖയെ മുന്‍നിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില നടപടികള്‍ എടുത്തതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എം സ്വരാജ് നല്കിയ പരാതിയും തന്റെ മുന്നിലുണ്ട്. ഈ വിഷയങ്ങളിലെല്ലാം അന്തിമമായ ഒരു തീര്പ്പുണ്ടാവാണ് സതീശന്റെ പരാതി എത്തിക്സ് കമ്മറ്റിക്ക് വിട്ടതെന്നും ശ്രീരാമകൃഷ്്ണന് പറഞ്ഞു.
കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന് എംഎല്‍എയുടെ അവകാശ ലംഘന പരാതിയാണ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് വിട്ടത്. പരാതി എത്തിക്സ് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കറുടെ തീരുമാനം തോമസ് ഐസകിന് കനത്ത തിരിച്ചടിയാണ്. എത്തിക്സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് വിടുന്നത്.
തുടര്‍ നടപടിയായി എത്തിക്സ് കമ്മറ്റി ഐസക്കിനെ വിളിച്ചുവരുത്തി വിശദീകരണം തേടും.
എ പ്രദീപ് കുമാറാണ് എത്തിക്സ് കമ്മറ്റിയുടെ ചെയര്മാന്. അനൂപ് ജേക്കബ്, ജോര്‍ജ്ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വികെസി മുഹമ്മദ് കോയ, മോന്‍സ് ജോസഫ്, പികെ മുരളി, വിഎസ് ശിവകുമാര്‍, ഇടി തൈസണ് മാസ്റ്റര്‍ എന്നിവരാണ് നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മറ്റി അംഗങ്ങള്‍.