നിരങ്കാരി മൈതാനിയിലേക്കു മാറാൻ വിസമ്മതിച്ച് കർഷകർ
ന്യൂഡൽഹി: കർഷക സമരത്തിൽ ഡൽഹിയുടെ അതിർത്തികൾ സംഘർഷഭരിതമായി തുടരുന്നു. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള നൂറുകണക്കിനു കർഷകരാണ് പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി അതിർത്തികളിൽ എത്തിനിൽക്കുന്നത്. ടയർ കത്തിക്കുന്നതു പോലുള്ള സംഭവങ്ങൾ ഒഴിച്ചാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ.
സമരം നടത്താനായി നിശ്ചയിച്ചു നൽകിയ നിരങ്കാരി മൈതാനിയിലേക്കു കർഷകർ മാറിയാൽ ചർച്ചയ്ക്കു സർക്കാർ തയാറാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മുന്നോട്ടുവച്ച വാഗ്ദാനം. എന്നാൽ, അതിർത്തികളിലുള്ള ആയിരക്കണക്കിനു കർഷകർ അതിനു തയാറായിട്ടില്ല. ശക്തമായ പ്രക്ഷോഭം തുടരുമെന്നാണ് അവരുടെ നിലപാട്. രാംലീല മൈതാനിയിലാണ് പ്രതിഷേധം നിശ്ചയിച്ചിരിക്കുന്നത്. പിന്നെ ഞങ്ങൾ എന്തിന് സ്വകാര്യ സ്ഥലമായ നിരങ്കാരി ഭവനിലേക്കു പോകണം- സമര നേതാക്കൾ ചോദിക്കുന്നു.
സംസ്ഥാന അതിർത്തികളിൽ അതീവ ജാഗ്രതയോടെയാണു പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സമരക്കാർ തങ്ങളോടു സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, കർഷകരെ സർക്കാർ അടിച്ചമർത്തുകയും അവഗണിക്കുകയും ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. സർക്കാർ ഭീകരരെപ്പോലെ കർഷകരോടു പെരുമാറുന്നുവെന്നും അവരെ ഖാലിസ്ഥാനികൾ എന്നു വിളിക്കുന്നുവെന്നും ഇത് അപമാനകരമാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.
എല്ലാ പ്രതികൂല ഘടകങ്ങളും അവഗണിച്ചാണ് ആയിരക്കണക്കിനു കർഷകർ തലസ്ഥാന അതിർത്തികളിലെ വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വഷളാവുന്നത് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചർച്ചയ്ക്കു സന്നദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതും കർഷകരെ അനുനയിപ്പിക്കുന്നതിനാണ്.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നാണു കർഷകരുടെ നിലപാട്. ദീർഘകാലം തങ്ങാനാവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും പാത്രങ്ങളും ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡൽഹിയിലെത്തിയിട്ടുള്ളത്.
അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുമാണ് സമരക്കാർക്കു പിന്നിലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആരോപിച്ചു. നുണ പ്രചരിപ്പിക്കലാണ് ഖട്ടറുടെ പണിയെന്ന് അമരീന്ദർ സിങ് തിരിച്ചടിച്ചിട്ടുണ്ട്.