‘ഡികെ ശിവകുമാറിനെയും കമല്‍നാഥിനെയും തെരഞ്ഞെടുപ്പ് സെക്രട്ടറിമാരാക്കൂ’; തെരഞ്ഞെടുപ്പിനെ മുഴുവന്‍ സമയ ഉത്തരവാദിത്വമായി തന്നെ കാണണമെന്ന് കാര്‍ത്തി ചിദംബരം
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിനെയും ഡികെ ശിവകുമാറിനെയും തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ച് കാര്‍ത്തി ചിദംബരം എംപി. പ്രിന്റിന് നല്കിയ അഭിമുഖത്തിലാണ് കാര്‍ത്തി ചിദംബരം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
തെരഞ്ഞെടുപ്പ് വെറും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതോ, പത്രിക പൂരിപ്പിക്കലോ, വോട്ടിംഗിന് മൂന്നാഴ്ച മുമ്പ് പ്രചരണം നടത്തലോ അല്ല. ആറ് മാസം മുമ്പെങ്കിലും അതിന് വേണ്ടി എന്തെങ്കിലും ചെയ്ത് തുടങ്ങണം. തെരഞ്ഞെടുപ്പിനെ വേറിട്ട് ഒരു കാര്യമായി തന്നെ കാണണമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയാവാന്‍ യോഗ്യതയുള്ള ആളല്ല. പക്ഷെ തന്റെ മനസ്സില്‍ രണ്ട് പേരുണ്ട്. കമല്‍നാഥും ഡികെ ശിവകുമാറുമാണതെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്താണെന്ന് അറിയുന്ന, എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന, തുടര്‍ച്ചയായി വിജയിക്കുന്ന എംപിയാണ് കമല്‍നാഥ്. ഡികെ ശിവകുമാര്‍ നല്ലൊരു മാനേജറാണെന്ന് തെളിയിച്ച നേതാവാണ്. പ്രായവും കുറവാണ്. താന്‍ മുന്നോട്ട് വെക്കുന്ന രണ്ട് പേരുകള്‍ ഇവരുടേതാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ന്യായ് പദ്ധതി അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലുള്ള കോണ്‍ഗ്രസിന്റെ വീഴ്ചയുടെ ഉദാഹരണമാണെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. ആറ് മാസം മുമ്പെങ്കിലും ആ പദ്ധതി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അതുണ്ടാക്കുമായിരുന്ന വ്യത്യാസം വളരെ വലുതാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
രാജ്യത്ത് ബിജെപിയുടെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. കൂടുതല്‍ സംഘടിതമാവുകയും എണ്ണയിട്ട യന്ത്രമാവുകയും ചെയ്യണമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.