കെസി വേണുഗോപാല്‍ പ്രചരണത്തിന് ആലപ്പുഴയിലിറങ്ങും; കേരളത്തില്‍ സജീവമാകുന്നതിന്റെ ആദ്യ പടിയോ?
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നതിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലെത്തും. ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളിലാണ് വേണുഗോപാല്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്.
കേരള രാഷ്ട്രീയത്തിലേക്ക് കെസി വേണുഗോപാല്‍ മടങ്ങിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരവെയാണ് ആലപ്പുഴ ജില്ലയില്‍ പര്യടനത്തിനായെത്തുന്നത്. നേരത്തെ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായും ലോക്സഭ മണ്ഡലത്തില്‍ നിന്ന് എംപിയായുമാണ് കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എ, ഐ എന്ന പ്രബല ഗ്രൂപ്പുകളാണ് കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനകത്തുണ്ടായിരുന്നത്. ഇടക്ക് തലപൊക്കിയിരുന്ന ഗ്രൂപ്പുകളെല്ലാം പതുക്കെ ഇല്ലാതായി രണ്ട് ഗ്രൂപ്പുകള്‍ എന്ന അവസ്ഥയിലേക്ക് തന്നെ മാറിയിരുന്നു. എന്നാല്‍ ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും അപ്പുറത്ത് പുതിയ ഗ്രൂപ്പ് സംവിധാനം രൂപപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസിനകത്ത്.
കെസി വേണുഗോപാലിനെ പിന്തുണക്കുന്ന ഗ്രൂപ്പാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ശക്തമായി മുന്നോട്ട് വന്നിരിക്കുന്നത്. ആലപ്പുഴയില്‍ എംപിയായിരുന്നപ്പോള്‍ തീരദേശ ജില്ലയില്‍ മാത്രമുണ്ടായിരുന്ന കെസി ഗ്രൂപ്പ് ആണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ ഐ ഗ്രൂപ്പിനോടായിരുന്നു കെസി വേണുഗോപാലിന്റെ കൂറ്.
സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് കെസി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസിനകത്ത് ശക്തമായത്. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോള്‍ കെസി വേണുഗോപാലിനോടൊപ്പമാണ്. അതില്‍ ഡിസിസി അദ്ധ്യക്ഷന്മാരുമുണ്ട്.
കെസി വേണുഗോപാല്‍ 1987ല്‍ കെഎസ്യു സംസ്ഥാന അദ്ധ്യക്ഷനായിരിക്കേ ഉള്ള നേതാക്കളാണ് ഇപ്പോഴത്തെ നേതൃതലത്തിലുള്ളവരില് ഭൂരിപക്ഷം പേരും. അത് കൊണ്ട് തന്നെ ഇവരെല്ലാവരും പഴയ നേതാവുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. നല്ലൊരവസരത്തില്‍ ഇവരില്‍ പലരും തങ്ങളുടെ ഭാഗമാകുമെന്നും പുതിയ ഗ്രൂപ്പ് വിശ്വസിക്കുന്നു.
സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെസി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാന്‍ഡില്‍ ഉള്ള വേണുഗോപാലിനുള്ള ശക്തമായ സ്വാധീനം കേരളത്തില്‍ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.
എകെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോള്‍ കെസി വേണുഗോപാലിനുള്ളത്. പെട്ടെന്നൊരു ദിവസം ദല്‍ഹിയില്‍ നിന്ന്് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എകെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം തന്നെയായിരുന്നു. അത് പോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെസി വേണുഗോപാല്‍ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് പിന്തുണക്കുന്നവര്‍ കരുതുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ അധികാര സമവാക്യങ്ങള്‍ അതിനനുകൂലമാണെന്നും അവര്‍ കരുതുന്നു.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍. എങ്കിലും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പാകുമ്പോഴേക്കും കെസി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുമെന്നാണ് കരുതുന്നത്.