അന്ന് സിപിഐഎം കോട്ടയില്‍ രണ്ട് തവണ എംപിയാവാന്‍ സഹായമായി, ഇപ്പോള്‍ വിമത സ്ഥാനാര്‍ത്ഥിത്വത്തിന് സഹായം; വടകരയില്‍ മുല്ലപ്പള്ളിയും ആര്‍എംപിഐയും പിണങ്ങുമ്പോള്‍
സിപിഐഎമ്മിന്റെ എക്കാലത്തെയും വലിയ കോട്ടയായിരുന്നു വടകര പാര്‍ലമെന്റ് മണ്ഡലം. 2009ല്‍ സിപിഐഎമ്മിനെ ഞെട്ടിച്ചു കൊണ്ട് കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് വടകരയില്‍ നിന്ന് ജയിച്ചു കയറി. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,30,589 വോട്ടിന് ജയിച്ച മണ്ഡലത്തിലായിരുന്നു 56,186 വോട്ടിന് മുല്ലപ്പള്ളിയുടെ വിജയം. പി സതീദേവിയാണ് പരാജയം ഏറ്റുവാങ്ങിയത്.
മുല്ലപ്പള്ളിയുടെ ഈ വിജയത്തില്‍ സിപിഐഎം വിമതനായ ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍എംപിയും കാരണമായിരുന്നു. ടിപി ചന്ദ്രശേഖരന് തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. മണ്ഡലമാകെ നിറഞ്ഞ് പ്രചരണം നടത്തിയ ആര്‍എംപി തെരഞ്ഞെടുപ്പ് അന്തരീക്ഷം സിപിഐഎമ്മിനെതിരെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ടിപി ചന്ദ്രശേഖരന് 21,000ത്തോളം വോട്ടുകള്‍ നേടുകയും ചെയ്തു. ഇതോടെയാണ് സിപിഐഎം ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലത്തില്‍ മുല്ലപ്പള്ളി വിജയിച്ചത്.
അഞ്ച് വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍എംപിക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച നേതാവ് ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിരുന്നു. സീറ്റ് പിടിച്ചെടുക്കുന്നതിന് വേണ്ടി കണ്ണൂരിലെ യുവനേതാവ് എഎന്‍ ഷംസീറിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ യുഡിഎഫിന് വേണ്ടി മത്സരിച്ചു. വര്‍ധിത വീര്യത്തോടെ ആര്‍എംപി പ്രചരണത്തിനിറങ്ങി. കനത്ത പോരാട്ടത്തിനൊടുവില്‍ 3306 വോട്ടുകള്‍ക്കായിരുന്നു മുല്ലപള്ളിയുടെ വിജയം. ആര്‍എംപി സ്ഥാനാര്‍ത്ഥിക്ക് വോട്ടും കുറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഇത് മുല്ലപ്പള്ളിക്ക് വേണ്ടി ആര്‍എംപി വോട്ട് മറിച്ചതിനെ തുടര്ന്നാണെന്ന്് അന്ന് പറയപ്പെട്ടിരുന്നു.
രണ്ട് തവണ തന്നെ വിജയിപ്പിക്കാന്‍ കാരണമായ ആര്‍എംപിയോട് മികച്ച ബന്ധമാണ് മുല്ലപ്പള്ളി രാമചന്ദ്രന് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ ബന്ധത്തില്‍ ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വടകരയില്‍ നിന്ന് വരുന്നത്. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫും ആര്‍എംപിയും ജനമുന്നണി എന്ന പേരില്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് എന്നീ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷനുകളിലും സീറ്റ് ധാരണ വിജയകരമായി നടന്നിരുന്നു. അതിനിടയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നാടായ കല്ലാമലയില്‍ ബ്ലോക്ക് ഡിവിഷനില്‍ മുന്നണി ധാരണകളെ അട്ടിമറിച്ച് കോണ്‍ഗ്രസ് നേതാവ് സ്ഥാനാര്‍ത്ഥിയായത്. ആര്‍എംപിക്കായിരുന്നു ഈ സീറ്റ് മുന്നണി നല്‍കിയിരിക്കുന്നത്. ആര്‍എംപി ഏരിയ കമ്മറ്റി അംഗമായ സുഗതനാണ് ഇവിടെ മത്സരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവായ ജയകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായെത്തിയത്. ജയകുമാറിന് കൈപ്പത്തി ചിഹ്നവും ലഭിച്ചു. ഈ ചിഹ്നം ലഭിച്ചതിന് പിന്നില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് ആരോപണം ഉയര്‍ന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. ഇതോടെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എംപിയും തമ്മില്‍ പിണങ്ങുന്ന അന്തരീക്ഷമുണ്ടായത്.
വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന് ജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗതെത്തി. മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളും മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന നിലപാടിലാണ്. ഒറ്റക്കെട്ടായി ആര്‍എംപി സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കാനാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.