ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായി; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
തൊടുപുഴ : ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സീറ്റവിഭജനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ സിപിഎം - 7, സിപിഐ- 5, കേരള കോണ്‍ഗ്രസ് - 4 എന്നിങ്ങനെ സീറ്റുകളില്‍ മല്‍സരിക്കും. മല്‍സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും ചുവടെ ചേര്‍ക്കുന്നു.
സിപിഎം
ദേവികുളത്ത് - പി രാജേന്ദ്രന്,
നെടുങ്കണ്ടത്ത് - വി എന്‍ മോഹനന്,
വാഗമണ്ണില്‍ - കെ ടി ബിനു,
മുള്ളരിങ്ങാട് - ലിസി ജോസ്,
പൈനാവ് - കെ ജി സത്യന്,
കരിങ്കുന്നത്ത് - ശ്രീജ
രാജാക്കാട് - ഉഷാകുമാരി ടീച്ചര്‍
സിപിഐ
ഉപ്പുതറ - ആശ ആന്റണി,
വാളാടി (വണ്ടിപ്പെരിയാര്‍) - എസ് പി രാജേന്ദ്രന്,
പാമ്പാടുംപാറ - ജിജി കെ ഫിലിപ്പ്,
മൂന്നാര്‍ - അഡ്വ. ഭവ്യ,
അടിമാലി - റീനി ബോബന്
കേരള കോണ്‍ഗ്രസ് എം
മുരിക്കാശേരി - സെലിന് മാത്യു,
വണ്ടന്മേട് - രാരിച്ചന്‍ നീറണാകുന്നേല്‍,
മൂലമറ്റം - റെജി കുന്നംകോട്ട്,
കരിമണ്ണൂര്‍ - റീനു സണ്ണി,
എന്നിവരും മല്‍സരിക്കും.
കഴിഞ്ഞ നാലര വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കേരളീയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് ഏവരും സമ്മതിക്കുന്നതാണ്. ഈ വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകണം. തിരഞ്ഞെടുപ്പുകാലത്ത് ജന സമക്ഷം അവതരിപ്പിച്ച പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിയ സര്‍ക്കാരാണിത്.
പൊതു വിതരണം, ആരോഗ്യം, കൃഷി വിദ്യാഭ്യാസം, ഐ ടി, വ്യവസായം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. 600 രൂപയായിരുന്ന സാമൂഹിക ക്ഷേമ പെന്ഷന് ഇപ്പോള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ചു. എല്ലാ മാസവും കൃത്യമായി പെന്ഷന് വിതരണം ചെയ്യുന്നു. 57 ലക്ഷം പേരാണിങ്ങനെ പെന്ഷന് വാങ്ങുന്നത്. ജില്ലയില്‍ 33,000 പേര്‍ക്ക് ഇതിനകം പട്ടയം നല്കി കഴിഞ്ഞു. പത്തുചെയിന്‍ പ്രദേശത്തെ കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്കി. ആദിവാസികളുടെയടക്കം എല്ലാ വിഭാഗം കൃഷിക്കാര്‍ക്കും പട്ടയം നല്കിയ സര്‍ക്കാരാണിത്. സര്‍ക്കാരിന്റെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ലോകം തന്നെ അംഗീകരിച്ചിരിക്കുകയാണ്.
പെരുംനുണകളുടെ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് യുഡിഎഫ് - ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇഷ്ടമില്ലാത്ത സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപി ഉയര്‍ത്തികൊണ്ടുവരുന്ന ആരോപണങ്ങളുടെ പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍. ഇതും സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
പരാജയ ഭീതിയുള്ള യുഡിഎഫും ബിജെപിയും പരസ്പരം സഹായിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി അവര്‍ സഖ്യം രൂപീകരിച്ചുകഴിഞ്ഞു.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ സഖ്യകക്ഷിയായതിലൂടെ ഇടുക്കി ജില്ലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിന് സഹായിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തിന്റെ 40 % കൃത്യമായി പ്രാദേശിക ഗവണ്മെന്റുകള്ക്ക് കൈമാറിയിരുന്നു. ഇങ്ങനെ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പാക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിന്റേത്. ഇതൊക്കെ ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണ വിഷയമാക്കും.
പത്രസമ്മേളനത്തില്‍
ജോസ് പാലത്തിനാല്‍ ( കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് )
ജോര്‍ജ്ജ് അഗസ്റ്റ്യന്‍,(ജനാധിപത്യ കേരള കോണ്‍ഗ്രസ് )
അനില്‍ കൂവപ്ലാക്കല്‍ (എന്‍സിപി)
സണ്ണി ഇല്ലിക്കല്‍ (ജനതാദള്‍ എസ് )
പി കെ വിനോദ് (കോണ്‍ഗ്രസ് എസ്)
പോള്‍സണ്‍ മാത്യു (കേരള കോണ്‍ഗ്രസ് ബി),
ജോണി ചെരുവുപറമ്പില്‍ (കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം)
എന്‍ എം സുലൈമാന്‍ (ഐഎന്‍എല്‍)
സോമനാഥന് നായര്‍ (ലോക് താന്ത്രിക് ജനതാദള്‍)
തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.