പ്രതിപക്ഷത്തോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്നു, ധനകാര്യ മന്ത്രി ചട്ടലംഘനവും നിയമ ലംഘനവും നടത്തി’, കിഫ്ബിയിൽ രമേശ് ചെന്നിത്തല
കിഫ്ബിയെ തകര്‍ത്ത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാൻ സി ആൻഡ് എ ജിക്കൊപ്പം പ്രതിപക്ഷവും ശ്രമിക്കുന്നുവെന്ന തോമസ് ഐസക്കിന്റെ ആരോപണത്തോട് ശക്തമായി പ്രതികരിച്ചു രമേശ് ചെന്നിത്തല.
പ്രതിപക്ഷത്തോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്നു എന്നും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുന്നു എന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിനെ രാഷ്ട്രിയമായി നേരിടുമെന്നും കെഎം ഷാജിക്ക് എതിരെയുള്ളതടക്കം നടത്തുന്ന രാഷ്ട്രിയ പ്രതികാരത്തെ അപലപിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
തോമസ് ഐസക്ക് ഏത് റിപ്പോർട്ടിനെക്കുറിച്ചാണ് പറയുന്നത് ? ഈ റിപ്പോർട്ട് മന്ത്രിക്കെങ്ങനെ കിട്ടി ? പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി കാണാത്ത സി ആൻഡ് എ ജി റിപ്പോർട്ട് ധനകാര്യ മന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. നിയമസഭയുടെ മേശപ്പുറത്ത് വക്കാത്ത റിപ്പോർട്ട് എങ്ങനെ ധനകാര്യ മന്ത്രി പരസ്യമാക്കും. ധനകാര്യ മന്ത്രി ചട്ടലംഘനവും നിയമ ലംഘനവുമാണ് നടത്തിയത് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമം തങ്ങൾക്ക് ബാധകമല്ലന്ന് ഈ സർക്കാരിലെ അംഗങ്ങൾ പറയുന്നു. അവകാശ ലംഘനത്തിന് പ്രതിപക്ഷം ധനകാര്യ മന്ത്രിക്കെതിരെ നോട്ടീസ് നൽകും. ധനകാര്യ മന്ത്രിയെ പ്രകോപിപ്പിച്ചത്
കിഫ്ബിയിലെ കോടിക്കണക്കിന് രൂപയുടെഅഴിമതി ചൂണ്ടിക്കാണിച്ചതാണ്. അദ്ദേഹം മുൻകൂർ ജാമ്യം എടുക്കുകയാണ്. ഓഡിറ്റിനെ സർക്കാരിന് പേടിയാണ്. പ്രതിപക്ഷ നേതാവിനോ, ഓഫീസിനോ സി ആൻഡ് ഏജി ഓഫീസുമായി ഒരു ബന്ധവും ഇല്ല.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ചിലര്‍ക്ക് സിഎജിയുമായി സൗഹൃദമുണ്ടെന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിക്കാൻ ധനമന്ത്രി നോക്കരുത്. ഭീരുക്കളുടെ ഗവൺമെന്റാണ് ഇത്. സമരം നടത്തുമെന്ന് പറഞ്ഞിട്ട് പിൻതിരിഞ്ഞ് ഓടുന്നത് ഇതിൻ്റെ തെളിവാണ്. എറണാകുളം ഡിസിസിയിൽ വാർത്താസമ്മേളനം നടത്തവേ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത് .
ഭരണഘടനാ സ്ഥാപനമായ സി ആൻഡ് എജിയെ ധനകാര്യ മന്ത്രി പേടിപ്പിക്കാൻ നോക്കുന്നു എന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സി ആൻഡ് എജിയുമായി ബന്ധമുള്ള ഏക കോൺഗ്രസുകാരൻ താനാണ്. നിയമസഭയുടെ പിഎസി ചെയർമാൻ എന്ന നിലയിൽ ആണ് തൻ്റെ ബന്ധം. ഇഡിയുടെ മറുപടി സ്വാഗതാർഹം. ലൈഫ് മിഷൻ്റെ ഫയലുകൾ ആദ്യം കൊണ്ടുപോയത് വിജിലൻസ് ആണെന്നും വിഡി സതീശൻ പറഞ്ഞു.