ലോക് ഡൗൺ ഇല്ലെന്നു ട്രംപ്, അടിയന്തര നടപടി വേണമെന്ന് ബൈഡൻ
വാഷിങ്ടൺ: അമെരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് നിലവിലുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രോഗവ്യാപനം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ട്രംപ് ഭരണകൂടം സ്വീകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.
ദേശീയ ലോക് ഡൗൺ പ്രഖ്യാപിച്ചാൽ അതു ജീവിതം ദുരിതമയമാക്കും, സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. പരിഹാരം പ്രശ്നത്തെക്കാൾ മോശമായ അവസ്ഥയുണ്ടാക്കുന്നതാവും- ട്രംപ് പറഞ്ഞു. പ്രമുഖ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ തിരിച്ചടിയേ യുഎസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളൂ. തിരിച്ചുവരവ് അതിവേഗത്തിലുമാണ്. കുറച്ചു മാത്രം ഇറങ്ങി വേഗത്തിൽ കയറുകയാണു നമ്മൾ- വൈറ്റ് ഹൗസിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഒരു കോടിയിലേറെ കൊവിഡ് കേസുകൾ കണ്ടെത്തിക്കഴിഞ്ഞ യുഎസിൽ 2.44 ലക്ഷത്തിലേറെ പേർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്. ആരോഗ്യമുള്ള അമെരിക്കക്കാർ ജോലിക്കു പോകുമ്പോൾ പ്രായമായവരെ സംരക്ഷിക്കാനുള്ള ചെലവ് സർക്കാരിനു വഹിക്കേണ്ടിവരുന്നില്ല. ദേശീയ ലോക് ഡൗൺ പ്രഖ്യാപിച്ചാൽ 5,000 കോടി ഡോളറിന്റെ നഷ്ടം ഒരു ദിവസമുണ്ടാകുമെന്നാണു ചില എസ്റ്റിമേറ്റുകളെന്ന് ട്രംപ് പറഞ്ഞു. പതിനായിരക്കണക്കിനു തൊഴിലുകൾ ഓരോ ദിവസവും ഇല്ലാതാവും. ലോക് ഡൗണിനു പോകാതിരിക്കുകയാണ് ഉചിതം- അദ്ദേഹം വിശദീകരിച്ചു.
ഭാവിയിൽ എന്താവുമെന്ന് അറിയില്ല. ഏതുതരം ഭരണമാണെന്നറിയില്ല. സമയം എല്ലാം പറയുമെന്നു ഞാൻ കരുതുന്നു. എന്നാൽ, ഞാൻ ഒരു കാര്യം പറയാം, ഈ ഭരണകൂടം ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കില്ല- ട്രംപ് പറഞ്ഞു.
അതേസമയം, വളരെ ആശങ്കാജനകമാണ് രാജ്യത്തെ സാഹചര്യമെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം. ബൈഡന്റെ കൊവിഡ് പ്രതിരോധ ഉപദേശക സംഘത്തെ നയിക്കുന്ന ഡോ. വിവേക് മൂർത്തി, ഡോ. ഡേവിഡ് കെസ് ലർ, ഡോ. മാർസെല്ല നുനെസ് സ്മിത്ത് എന്നിവർ യുഎസിലെ ഇപ്പോഴത്തെ സാഹചര്യം ബൈഡനു വിശദീകരിച്ചു കൊടുത്തു.
രാജ്യവ്യാപകമായി വാക്സിനേഷൻ നൽകാൻ ഇനിയും മാസങ്ങളെടുക്കും. അതു മുന്നിൽക്കണ്ട് ഉടൻ രോഗ പ്രതിരോധ നടപടികൾ ട്രംപ് ഭരണകൂടം സ്വീകരിക്കണം. നിയുക്ത പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ജനുവരിയിലേ സ്ഥാനമേൽക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട സമയത്ത് ഉചിതമായ നടപടികൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം.