ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തു; നടപടി മാധ്യമങ്ങളെ അനുകൂലിച്ചതിന്
കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചതിന് അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹൈകോടതി അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ചേര്‍ന്ന അസോസിയേഷന് യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സെബാസ്റ്റ്യന്‍ പോളിനെതിരെ 300 ഓളം അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ രൂക്ഷമായി വിമര്ശിച്ചതിലായിരുന്നു പരാതി. ജുഡീഷ്യറിയുടെ വിലയിടിച്ച് കാണിക്കാനാണ് സെബാസ്റ്റ്യന്‍ പോള്‍ ശ്രമിച്ചതെന്ന് അസോസിയേഷന് നിര്‍വ്വാഹക സമിതി പറയുന്നു. തുടര്‍നടപടികള്‍ അച്ചടക്കസമിതിയ്ക്ക് വിട്ടു.
അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്ന് അസോസിയേഷന് നടപടിയില്‍ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. നടപടി തെറ്റാണ്. വിഷയം മനസിലാക്കാന്‍ സംഘടനയ്ക്ക് കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ളബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍ ശ്രമിച്ചിരുന്നെങ്കിലും വാര്‍ത്താശേഖരണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായിരുന്നു നിയന്ത്രണം. എന്നാല്‍, അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. വാര്‍ത്തകളെ അവയുടെ സ്രോതസ്സില്‍തന്നെ തടയുകയാണ്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജഡ്ജിമാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. അഭിഭാഷകര്‍ക്കും പത്രക്കാര്‍ക്കും ഇതുകൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.
കോടതിമുറികളില്‍ നിശ്ശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുമുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാതായതോടെ കോടതികളില്‍ രഹസ്യ ഒത്തുകളികള്‍ വ്യാപകമാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചിരുന്നു.
ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ ധനേഷ് മഞ്ഞൂരാന് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പൊലീസ് കേസ് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രണ്ടുമാസം മുമ്പ് പ്രശ്നം ആരംഭിച്ചത്. കോടതിയില്‍ മാധ്യമ വിലക്കില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പറയുന്നുണ്ടെങ്കിലും കോടതിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇതുവരെ ഉറപ്പായിട്ടില്ല.