നിതീഷിന് നാലാമൂഴം
പാറ്റ്ന: ഭരണവിരുദ്ധ വികാരവും തേജസ്വി യാദവിന്റെ കനത്ത വെല്ലുവിളിയും ബിഹാറിലെ എന്‍ഡിഎ മറികടന്നത് ബിജെപിയുടെ തിളക്കത്തിൽ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റിലേക്ക് ഒതുങ്ങിപ്പോയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കു ഭൂരിപക്ഷം ഉറപ്പാക്കിയത് 74 സീറ്റുകൾ വാരിക്കൂട്ടിയ ബിജെപി. 243 അംഗ നിയമസഭയിൽ അന്തിമ കക്ഷിനില പ്രകാരം എന്‍ഡിഎയ്ക്ക് 125 അംഗങ്ങളാണ് ഉണ്ടാവുക. കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും മൂന്നു സീറ്റ് മാത്രം കൂടുതൽ. നാലു വീതം അംഗങ്ങളുള്ള എച്ച്എഎമ്മോ വിഐപിയോ പിണങ്ങിയാൽ പ്രശ്നമാവും.
മുന്നണിയിൽ കൂടുതൽ സീറ്റ് തങ്ങൾക്കായാലും നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് നേരത്തേ തന്നെ ബിജെപി പരസ്യമായി നൽകിയിരിക്കുന്ന ഉറപ്പ്. അത് തത്കാലമെങ്കിലും അവർ പാലിക്കും. അങ്ങനെ നിതീഷിന് മുഖ്യമന്ത്രിക്കസേരയിൽ നാലാമൂഴമാകും. പക്ഷേ, അത് എത്രകാലം എന്ന് ഉറപ്പിക്കാനാവില്ല. വലിയ കക്ഷിയെന്ന നിലയിൽ ബിജെപിക്ക് അവസരം നൽകേണ്ടിവരും, ഏതെങ്കിലുമൊരു ഘട്ടത്തിൽ എന്നാണു പൊതുവേ കരുതുന്നത്.
2000 മാർച്ചിൽ സമതാ പാർട്ടി നേതാവായിരിക്കുമ്പോൾ ഏഴു ദിവസം മുഖ്യമന്ത്രിയായതാണ് നിതീഷിന്റെ ആദ്യ ടേം. അന്നു വാജ്പേയി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന നിതീഷ് അവിഭക്ത ബിഹാറിലെ 324 അംഗ സഭയിൽ 151 പേരുടെ പിന്തുണയാണ് അവകാശപ്പെട്ടിരുന്നത്. 2000 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ഇത്.
അന്ന് നിലവിലുള്ള മുഖ്യമന്ത്രിയായിരുന്ന റാബ്രിദേവി കോൺഗ്രസിന്റേതടക്കം 159 പേരുടെ പിന്തുണ അവകാശപ്പെട്ടെങ്കിലും ഗവർണർ നിതീഷിനെ വിളിക്കുകയായിരുന്നു. ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു ശേഷം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ നിതീഷ് രാജിവച്ചു. റാബ്രിദേവി വീണ്ടും മുഖ്യമന്ത്രിയുമായി.
2005 നവംബറിൽ വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് എട്ടു വർഷം ഭരിച്ചു. പിന്നീട് ഒമ്പതു മാസക്കാലം ജിതൻ റാം മാഞ്ചിയായി മുഖ്യമന്ത്രിക്കസേരയിൽ. അതു കഴിഞ്ഞ് വീണ്ടും നിതീഷ്.
ബിഹാർ അന്തിമ കക്ഷിനില:
എൻഡിഎ:
ബിജെപി 74, ജെഡിയു 43, എച്ച്എഎം 4, വിഐപി 4.
വിശാല സഖ്യം:
ആർജെഡി 75, കോൺഗ്രസ് 19, സിപിഐ(എംഎൽ) 12, സിപിഐ 2, സിപിഎം 2.
മറ്റുള്ളവർ:
എഐഎംഐഎം 5, ബിഎസ്പി 1, എൽജെപി 1, സ്വതന്ത്രൻ 1.