വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി ആര്‍ജെഡി; ബിജെപി അട്ടിമറി നടത്തുന്നെന്ന് ആരോപണം
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി ആര്‍ജെഡി. കുറവ് ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അട്ടിമറി നടത്തുന്നു എന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ ആരോപിച്ചു.
നൂറില്‍ താഴെ ഭൂരിപക്ഷത്തോടെയാണ് നിലവില്‍ പല ബിജെപി സ്ഥാനാര്‍ഥികളും ജയിക്കുന്നതെന്നും ഇത് ബിജെപി നടത്തുന്ന തിരിമറിയുടെ തെളിവാണെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു. ആ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്നാവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന ആവശ്യം ഫയല്‍ ചെയ്യാന്‍ ബിജെപി അനുവദിക്കുന്നില്ലെന്നും മനോജ് ഝാ പറഞ്ഞു.
വോട്ടെണ്ണല്‍ പകുതിയിലായിരുന്ന ഘട്ടത്തില്‍ വിജയപ്രതീക്ഷയിലായിരുന്നു മഹാസഖ്യം. എല്‍ഡിഎ മുന്നേറുന്ന ഘട്ടത്തിലും ആര്‍ജെഡി മണിക്കൂറുകള്‍ക്കകം മുന്നോട്ടുവരുമെന്നും തങ്ങള്‍ പറഞ്ഞതെല്ലാം തെളിയിച്ചു തരുമെന്നുമായിരുന്നു ആര്‍ജെഡി എംപി മനോജ് ഝാ പ്രതികരിച്ചത്.
നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയും
വിജയം പ്രവചിക്കാന്‍ കഴിയാത്തതുമായ പത്ത് സീറ്റുകളില്‍ ജെഡിയു ഇടപെടല്‍ നടത്തുന്നുവെന്നും ആര്‍ജെഡി ആരോപിച്ചു. മഹാഗദ്ബന്ധന് സഖ്യത്തെ 105 മുതല്‍ 110 സീറ്റില്‍ ഒതുക്കാന്‍ ജെഡിയു തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നാണ് ആര്‍ജെഡിയുടെ ആരോപണം
വോട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്റെ വീട്ടിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആര്‍ജെഡി ആരോപിച്ചു. ബീഹാറില്‍ എന്‍ഡിഎ വിജയിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനാണ് സുശീല്‍ കുമാര്‍ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് ആര്‍ജെഡിയുടെ ആരോപണം.
സുശീല്‍ കുമാര്‍ മോദി, ഭൂപേന്ദ്ര യാദവ്, ബിഹാര്‍ മന്ത്രി മംഹള് പാണ്ഡെ എന്നിവരാണ് നിതീഷ് കുമാറിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.
243 സീറ്റുകളുള്ള ബിഹാര്‍ മന്ത്രിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ ബിജെപി മുന്നേറുന്നു. ഇലക്ഷന് കമ്മീഷന് പുറത്തുവിടുന്ന വിവരമനുസരിച്ച് എന്‍ഡിഎ 123 – മഹാഗഡ്ബന്ധന് 113 – മറ്റുള്ളവര്‍ 7 എന്ന നിലയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു.