അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കൊലപാതകമല്ല പരിഹാരം; പ്രതികാര മനോഭാവം പരിഷ്കൃത സമൂഹത്തിന് ചേരില്ല; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകള്‍ക്കെതിരെ പിണറായി
തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകവും ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. അത് ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതുമല്ലെന്നും പിണറായി പറഞ്ഞു.
വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്ക്കുന്നവര് പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാകണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നെങ്കിലും സിപിഐ(എം)ബിജെപി നേതൃത്വങ്ങള്‍ അതിനോട് വേണ്ടത്ര അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുമ്പോഴും അതിന് ആര് മുന്‍ കയ്യെടുക്കും എന്നത് സംബന്ധിച്ച് തര്‍ക്കിക്കുകയായിരുന്നു ഇരുപാര്‍ട്ടികളും.
കണ്ണൂരില്‍ നഷ്ടമായ സമാധാനം വീണ്ടെടുക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്നായിരുന്നു ആവശ്യം. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഏറെക്കാലമായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അത് കൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ട്.
രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല.
എന്നാല്‍, ആ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതുമല്ല. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.
എങ്കിലും കേരളത്തില്‍, ചില പ്രദേശങ്ങളില്‍ നിര്‍ഭാഗ്യകരമായ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കേണ്ടതുണ്ട്. അതു സാധ്യമാവണമെങ്കില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിക്കണം. ദൃഢനിശ്ചയത്തോടെ സമാധാനപരമായി നിലകൊള്ളുമെന്നുറപ്പിക്കണം.
വൈകാരികമായ പ്രതികാര പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് നാടിന്റെ വികസനം, നാട്ടുകാരുടെ നന്മ, സമൂഹത്തിന്റെ പുരോഗതി എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുറപ്പിക്കണം. എല്ലാ രാഷ്ട്രീയ ചിന്താധാരകളിലും പെട്ടവര്‍ നാടിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഒരുമിക്കണം. ‘മനുഷ്യത്വ’മെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍ നിന്നു ചോര്‍ന്നുപോകാന്‍ ഒരു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.
വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്ക്കുന്നവര് പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാല്‍ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നില്‍ക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അത് ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും.
ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി ഗവണ്മെന്റു കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.